യുവതാരം ടി20 ലോകകപ്പിന്; ഉറപ്പിച്ച് ധരംശാലയിലെ ഫോട്ടോ ഷൂട്ട്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനായി ധര്‍മശാലയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിങ്കളാഴ്ച വിശ്രമദിനമായിരുന്നു. എന്നിരുന്നാലും, ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മത്സരിക്കുന്ന താരങ്ങള്‍ക്ക് ഇത് പൂര്‍ണ വിശ്രമ ദിനമായിരുന്നില്ല. ലോകകപ്പ് സാധ്യതയുള്ള ക്രിക്കറ്റ് താരങ്ങള്‍ ധര്‍മ്മശാല സ്റ്റേഡിയത്തില്‍ നടന്ന ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു.

ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും ടി20 ലോകകപ്പില്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനായി മത്സരിക്കുന്ന ചില ക്രിക്കറ്റ് താരങ്ങളെ അവരുടെ ചിത്രങ്ങള്‍ ക്ലിക്കുചെയ്യുന്നതിനായി ധര്‍മ്മശാലയില്‍ എത്തിയിരുന്നു. യുവബാറ്റര്‍ റിങ്കു സിംഗും ഫോട്ടോഷോട്ടിനായി എത്ത്ിയിരുന്നു. അതിനര്‍ത്ഥം മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ പേര് സ്‌ക്വാഡ് ഷീറ്റില്‍ ഉണ്ടാകുമെന്നാണോ?

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ റിങ്കു സിംഗ് ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2023 ഓഗസ്റ്റില്‍ നടന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് റിങ്കു അരങ്ങേറിയത്. അതിനുശേഷം അദ്ദേഹം ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം സാന്നിധ്യമായി.

റിങ്കുവിന്റെ ശാന്തതയും സമ്മര്‍ദ്ദത്തില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവും അവനെ ടി20യിലെ ഇന്ത്യയുടെ ലോവര്‍ ഓര്‍ഡറിന് അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാക്കുന്നു. എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം ഇന്ത്യക്ക് ഒരു മികച്ച ഫിനിഷറുടെ ആവശ്യം ഉണ്ടായിരുന്നു. ഒടുവില്‍ ആ ജോലി ചെയ്യാന്‍ കഴിയുന്ന ഒരു കളിക്കാരന്‍ അവരുടെ കൈയിലെത്തിയിരിക്കുകയാണ്.

റിങ്കു ഇതുവരെ 15 ടി20 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വലുതാണെന്ന് സമകാലിക സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു.