നിങ്ങൾ ഉദ്ദ്യേശിക്കുന്ന വെറുപ്പോ വിദ്വേഷമോ ഒന്നും ഇവിടെ കിട്ടില്ല, പറ്റില്ലെങ്കിൽ "അൺഫോളോ" ചെയ്ത് പോവുക; വിരോധികളോട് ഹർഷ ഭോഗ്ലെ

സോഷ്യൽ മീഡിയയ്ക്ക് ചില ഗുണങ്ങളുണ്ടാകാം, പക്ഷേ അതിൽ കൂടുതൽ ദോഷങ്ങൾ അവക്ക് ഉണ്ട്. സമീപകാലത്ത് നിരവധി കളിക്കാർക്കും ടീമുകൾക്കും ഇതുവഴി വ്യക്‌തിപരമായ അധിക്ഷേപങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ട്.

എന്നിരുന്നാലും, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെയെ പോലുള്ള ഗെയിമിനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പങ്കിടുന്നവർക്ക് പോലും ഇപ്പോൾ അത്ര നല്ല സമയം അല്ല. നിഷ്പക്ഷമായ അഭിപ്രായങ്ങൾ പറയുന്നതിന് വ്യക്തിഹത്യ നേരിടേണ്ടതായി വന്നു. തന്റെ ട്വിറ്ററിൽ വന്നിട്ട് അധിക്ഷേപങ്ങൾ നടത്തുന്നവരും കുറ്റം പറയുന്നവരും തന്നെ പിന്തുടരുന്നത് അവസാനിപ്പിക്കണം എന്നാണ് ഭോഗ്ലെ പറയുന്നത്.

പക്ഷപാതമോ വെറുപ്പോ ഒക്കെ നോക്കി ട്വിറ്ററിൽ എത്തുന്നവരോട് ഭോഗ്ലെ “അൺഫോളോ” ചെയ്യാൻ അഭ്യർത്ഥിക്കുന്ന ഒരു പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

“ഇത് അസ്വാഭാവികമായി തോന്നുമെങ്കിലും ചിലർ എന്നെ പിന്തുടരാതിരിക്കാനുള്ള അഭ്യർത്ഥനയാണിത്. നിങ്ങൾ പക്ഷപാതവും അജണ്ടകളും വിദ്വേഷവും നോക്കുക ആണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്റെ ട്വിറ്ററിൽ കിട്ടില്ല. സന്തോഷവും, ക്രിക്കറ്റ് ചർച്ചകളും ആഗ്രഹിക്കുന്നവർ മാത്രം  എന്നെ പിന്തുടർന്നാൽ മതി.”

“പിശകുകളും പിഴവുകളും ഉണ്ടാകാം, പക്ഷേ വ്യക്തിപരമായ ഇഷ്ടക്കേടുകളില്ല. ആളുകളെ ബ്ലോക്ക് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, കാരണം അവർക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ എന്നെ ഇഷ്ടം ഉണ്ടെങ്കിൽ മാത്രം പിന്തുടർന്നാൽ മതി . ആശംസകൾ. നമുക്ക് ഒരു ജീവിതം അല്ലെ ഉള്ളു, ആസ്വദിക്കാം. ഈ മികച്ച ഗെയിമിനൊപ്പം , ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഭോഗ്ലെ ഏതെങ്കിലും താരങ്ങളെ കുറിച്ച് അഭിപ്രായം പറയുമ്പോൾ അത് ഇഷ്ടപ്പെട്ടില്ല എങ്കിൽ വ്യക്തിപരമായി അധിക്ഷേപങ്ങൾ നടത്തുന്നവരെ ഉദ്ദ്യേശിച്ചാണ് ഭോഗ്ലെ പറയുന്നത്.