യോ യോ ടെസ്റ്റ് രോഹിതിനുള്ള മരണമണിയോ, ട്രോളുകളിൽ നിറഞ്ഞ് ഇന്ത്യൻ നായകൻ

കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്നലെ മുംബൈയിൽ ഒരു യോഗം നടത്തിയിരുന്നു. ലോകകപ്പ് സെമിഫൈനൽ തോൽവി, ഏഷ്യ കപ്പ് തോൽവി, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവി എന്നിവയൊക്കെ ആയിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.

ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ, എൻസിഎ മേധാവി വിവിഎസ് ലക്ഷ്മൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കളിക്കാരുടെ ലഭ്യത മുതൽ ഫിറ്റ്‌നസ് പാരാമീറ്ററുകൾ വരെയുള്ള പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കഠിനമായ ക്രിക്കറ്റ് കലണ്ടറിലൂടെ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിക്കുകളും ചർച്ച വിഷയമായി എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് യോ- യോ ടെസ്റ്റിന്റെ തിരിച്ചുവരവാണ്.

രവി ശാസ്ത്രിയുടെ പരിശീലക കാലയളവിൽ ഇന്ത്യൻ ടീമിൽ ഒരു മത്സരം കളിക്കാനുള്ള പ്രധാന മാനദണ്ഡം ആയിരുന്ന യോ- യോ ടെസ്റ്റ് ദ്രാവിഡിന്റെ കാലത്ത് നിർത്തിയിരുന്നു, അതിന്റെതായ ദോഷങ്ങൾ ടീമിൽ കാണാൻ ഉണ്ടായിരുന്നു. എന്തായാലും രോഹിത് ശർമ്മ, പന്ത് തുടങ്ങി ഫിറ്റ്നെസിൽ അത്ര കേമന്മാർ അല്ലാത്ത താരങ്ങൾക്ക് യോ- യോ ടെസ്റ്റ് വലിയ കടമ്പ തന്നെ ആയിരിക്കും.

യോഗത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു:

“വളർന്നുവരുന്ന കളിക്കാർ ദേശീയ ടീമിലേക്കുള്ള സെലക്ഷന് യോഗ്യത നേടുന്നതിന് ഗണ്യമായ ആഭ്യന്തര സീസൺ കളിക്കേണ്ടിവരും. യോ-യോ ടെസ്റ്റും മാനദണ്ഡം ആകും.”

പുരുഷന്മാരുടെ  2023-നുള്ള തയ്യാറെടുപ്പുകളും കണക്കിലെടുത്ത്, ഐ‌പി‌എൽ 2023 ൽ പങ്കെടുക്കുന്ന ടാർഗെറ്റുചെയ്‌ത ഇന്ത്യൻ കളിക്കാരെ നിരീക്ഷിക്കുന്നതിന് ഐ‌പി‌എൽ ഫ്രാഞ്ചൈസിയുമായി ചേർന്ന് എൻ‌സി‌എ പ്രവർത്തിക്കും.”