'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

ഈ വർഷം നടക്കാൻ പോകുന്ന ഐപിഎൽ 2026 ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇപ്പോഴിതാ ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ്, പർപ്പിൾ ക്യാപ്പ് ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഇത്തവണ ലഭിക്കുകയെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.

‘ടൂർണമെന്റിലെ ടോപ് സ്കോററെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിക്കുക എന്നത് അസാധ്യമായിട്ടുള്ള കാര്യമാണ്. സീസൺ എങ്ങനെ മുന്നോട്ട് പോകുമെന്നതിനേയും ഏതെല്ലാം ടീം മുന്നേറും എന്നതിനെയും ആശ്രയിച്ചായിരിക്കും ഇത് തീരുമാനിക്കപ്പെടുക. കാരണം ഫൈനലിലോ, അല്ലെങ്കില്‍ പ്ലേ ഓഫിലോ എത്തുന്ന ടീമുകളിലെ താരങ്ങളാണ് സാധാരണയായി ഈ നേട്ടത്തിന് അവകാശികളായി മാറാറുള്ളത്. കുറഞ്ഞത് 14ല്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചെങ്കില്‍ മാത്രമേ താരങ്ങള്‍ക്ക് ഈ അവസരം ലഭിക്കുകയും ചെയ്യുകയുള്ളൂ’, ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

‘അപ്പോൾ ആരായിരിക്കും ടൂർണമെന്റിന്റെ ടോപ് സ്കോററാവുക? ഇത് യശ്വസി ജയ്സ്വാളിന്റെ വർഷമായി മാറിയേക്കാമെന്ന് തോന്നുന്നു. എല്ലാ ഐപിഎല്ലിന് മുമ്പും ഇത് ജയ്സ്വാളിന്റെ വർഷമാണെന്ന് ഞാൻ പറയാറുണ്ട്. അവനൊരു 700-900 റൺസ് നേടാനാകില്ലേ. എനിക്കവനെ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് ജയ്സ്വാൾ നേടുമെന്നാണ് കരുതുന്നത്’, ആകാശ് പറഞ്ഞു.

ഇന്ത്യയുടെ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സിന്റെ നിർണായക താരവുമായ ജസ്പ്രീത് ബുംറയെയാണ് പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. മുംബൈ ഇന്ത്യൻസിന് വേണ്ടി എല്ലാ മത്സരങ്ങളും ബുംറ കളിക്കാൻ സാധ്യത കുറവാണെന്നനും മുഴുവന്‍ മത്സരങ്ങളിലും കളിച്ചാല്‍ അദ്ദേഹം പർപ്പിൾ ക്യാപ്പ് അണിയുമെന്നാണ് ചോപ്രയുടെ പ്രവചനം.