INDIAN CRICKET: ഗോവയ്ക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി കളിക്കാനാണ് എനിക്ക് ഇഷ്ടം, വീണ്ടും മലക്കം മറിഞ്ഞ് യശസ്വി ജയ്‌സ്വാള്‍

അടുത്ത ആഭ്യന്തര സീസണില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കണമെന്ന്‌ ആവശ്യപ്പെട്ട് രംഗത്തെത്തിയതില്‍ ഇപ്പോള്‍ നിലപാട് മാറ്റി യശസ്വി ജയ്‌സ്വാള്‍. ഇക്കഴിഞ്ഞ എപ്രിലിലാണ് ഗോവക്കായി അടുത്ത സീസണില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ജയ്‌സ്വാള്‍ അപേക്ഷ നല്‍കിയത്. ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിക്കുകയും ഗോവക്കായി കളിക്കാന്‍ താരത്തിന് എന്‍ഒസി നല്‍കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ തീരുമാനം മാറ്റി രംഗത്തെത്തുകയായിരുന്നു ജയ്‌സ്വാള്‍.

മുംബൈക്കായി വീണ്ടും കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച താരം ഗോവന്‍ ടീമിലേക്ക് മാറുന്നതിനായി തനിക്ക് നല്‍കിയ എന്‍ഒസി പിന്‍വലിക്കണമെന്നും എംസിഎയോട് ആവശ്യപ്പെട്ടു. “ഈ സീസണില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ എന്നെ അനുവദിക്കണമെന്ന് ഞാന്‍ എംസിഎയോട് ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു. ബിസിസിഐക്കോ ഗോവ ക്രിക്കറ്റ് അസോസിയേഷനോ ഞാന്‍ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ല”, ജയ്‌സ്വാളിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഗോവന്‍ ടീം നേരത്തെ ജയ്‌സ്വാളിന് ക്യാപ്റ്റന്‍സി പദവി വാഗ്ദാനം ചെയ്തിരുന്നു. മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായുളള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് നേരത്തെ ജയ്‌സ്വാള്‍ മുംബൈ വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ തീരുമാനം മാറിയത് എന്തുകൊണ്ടാണെന്നതില്‍ വ്യക്തത വന്നിട്ടില്ല.