നായക ബഹുമാനമില്ലാതെ ജാമിസണ്‍, ക്ഷമയില്ലാതെ പന്ത്, ഇന്ത്യ തകരുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനം മികച്ച സ്‌കോര്‍ ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നായകന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 റണ്‍സെടുത്ത കോഹ്‌ലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ സഹതാരമായ കെയ്ല്‍ ജാമിസണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഐ.പി.എല്‍ 14ാം സീസണില്‍ നെറ്റ്സില്‍ പന്തെറിയാമോ എന്ന കോഹ്ലിയുടെ ആവശ്യം ജാമിസണ്‍ നിരസിച്ചത് വാര്‍ത്തയായിരുന്നു. ഡ്യൂക്ക് ബോളില്‍ താരത്തിന്റെ ബോളിംഗുമായി പൊരുത്തുപ്പെടുവാനുള്ള കോഹ്ലിയുടെ തന്ത്രമാണ് ഇവിടെ പാളിയത്. ആ പാളിച്ച ഫൈനലില്‍ മികച്ച സ്‌കോറിംഗ് കെട്ടിപ്പെടുക്കുന്നതില്‍ കോഹ്‌ലിക്ക് തിരിച്ചടിയായി.

Image

കോഹ്‌ലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് ക്ഷമയില്ലാതെ ബാറ്റ് വീശി വിക്കറ്റ് തുലച്ചു. 21 ബോള്‍ ക്ഷമയോടെ നിന്ന് പന്തിന് 22ാം ബോളില്‍ പിഴച്ചു. ജാമിസന്റെ ബോളില്‍ ഷോട്ടിന് ശ്രമിച്ച പന്ത് സ്ലിപ്പില്‍ ക്യാച്ച് കൊടുത്ത് മടങ്ങി. നാല് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

146 ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ്. 37* റണ്‍സുമായി അജിങ്ക്യ രഹാനെയും 6* റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.