തോല്‍വിയായി ബുംറയും ഷമിയും, ഇംഗ്ലണ്ടിന് ഭുവിയും ആ ചെന്നൈ താരവും വേണമായിരുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാത്തതില്‍ ക്രിക്കറ്റ് ലോകത്തു നിന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്. ഡ്യൂക്സ് ബോളിലെ സ്വാഭാവിക സ്വിംഗ് പോലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ ദുവനേശ്വര്‍ കുമാറിനെയും ഇംഗ്ലണ്ട് ടൂറില്‍ പരിഗണിക്കേണ്ടതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആകാശ് ചോപ്ര.

“ഇന്ത്യ തീര്‍ച്ചയായും ഭുവനേശ്വര്‍ കുമാറിനെ മിസ് ചെയ്യുന്നുണ്ടാവും. അദ്ദേഹത്തിന് മൂന്ന് പ്രത്യേക വശങ്ങളുണ്ട്. ഒന്നാമതായി, ന്യൂബോളില്‍ മികച്ച പ്രകടനം അവന് കാഴ്ചവയ്ക്കാനാവും. രണ്ടാമതായി, അവന് ലോംഗ് സ്‌പെല്‍ ചെയ്യാനാവും. മൂന്നാമത്തെ കാര്യം, അവന്‍ ബാറ്റിംഗിലും മികച്ചവനാണ്. ഇത്തരത്തില്‍ ടീം ഇന്ത്യയ്ക്കായി അദ്ദേഹത്തിന് എല്ലാം ചെയ്യാമായിരുന്നു.”

“ബോള്‍ ലീവ് ചെയ്യുന്നത് സ്വിംഗിഗില്‍ ഏറെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് ബോളര്‍മാര്‍ മികച്ചു നിന്നപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഇഷാന്ത് ശര്‍മ്മ മാത്രമാണ് ഭേദപ്പെട്ടു നിന്നത്. ബുംറയുടെയും ഷമിയുടെയും ബോളുകള്‍ സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നില്ല. ബോള്‍ സ്വിംഗ് ചെയ്യുന്നതില്‍ ഭുവിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് ഭുവനേശ്വര്‍ കുമാറിനെയും ദീപക് ചഹറിനെയും പരിഗണിക്കാമായിരുന്നു” ആകാശ് ചോപ്ര പറഞ്ഞു.

Read more

ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള താരമാണ് ഭുവി. ഇംഗ്ലണ്ട് മണ്ണില്‍ ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 19 വിക്കറ്റാണ് ഭുവി വീഴ്ത്തിയിട്ടുള്ളത്. 10 ഇന്നിംഗ്‌സില്‍ 247 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. എന്നിട്ടും താരത്തിന് ടീമിലിടമില്ലാത്തതിന് മുഖ്യ കാരണം അടുത്തിടെയായി വിടാതെ പിന്തുടരുന്ന പരിക്കാണെന്നാണ് കരുതേണ്ടത്.