ഇംഗ്ലീഷുകാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ, ദയനീയ തോല്‍വി

ഐസിസി വനിത ലോക കപ്പില്‍ വിന്‍ഡീസിനെതിരെ വമ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പെണ്‍പട ഇംഗ്ലണ്ടിന് മുന്നില്‍ വീണു. നാല് വിക്കറ്റിനാണ് ഇന്ത്യന്‍ കരുത്തിനെ ഇംഗ്ലീഷ് നിര ചുരുട്ടി കെട്ടിയത്. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെ (53*) അപരാജിത ഫിഫ്റ്റിയാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 36.2 ഓവറില്‍ വെറും 134 റണ്‍സിനു ഓള്‍ഔട്ടായി. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഒരാള്‍ക്കു പോലും 35 പ്ലസ് നേടാന്‍ സാധിച്ചില്ല. 35 റണ്‍സെടുത്ത സ്മൃതി മന്ദന, 30 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 8.2 ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത കാര്‍ലോറ്റെ ഡീനാണ് ഇന്ത്യന്‍ ബാറ്റിംഗ നിരയെ തകര്‍ത്തത്.

മറുപടിയില്‍ ഇംഗ്ലണ്ട് അല്‍പ്പം പതറിയെങ്കിലും ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 31.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന് പുറമേ ഇന്ത്യക്കു വേണ്ടി മേഘ്ന സിംഗ് മൂന്നു വിക്കറ്റുകളെടുത്തു. ജുലാന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യക്കു ഇനി മൂന്നു മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ശനിയാഴ്ച കരുത്തരായ ഓസ്ട്രേലിയക്കെതിരയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 22ന് ബംഗ്ലാദേശിനെയും 27ന് ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും. നിലവില്‍ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസീസും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.