ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകുമോ?; നിലപാട് വ്യക്തമാക്കി നെഹ്‌റ

ഇന്ത്യ ഏറെ പ്രതീക്ഷയോടെ പരിശീലക സ്ഥാനത്തേക്ക് അവരോധിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്. എന്നാല്‍ പ്രതീക്ഷിയ്‌ക്കൊത്തവിധം ഉയരാന്‍ ദ്രാവിഡിന് സാധിച്ചില്ല. ദ്രാവിഡ് പരിശീലക ചുമതല ഏറ്റെടുത്തശേഷവും ഐസിസി കിരീടങ്ങളൊന്നും നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ത്തന്നെ ദ്രാവിഡിനോടുള്ള മമതയും ബിസിസിഐയ്ക്ക് കുറഞ്ഞിട്ടുണ്ട്.

ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനം ഒഴിയണമെന്നാണ് ദ്രാവിഡ് വ്യക്തിപരമായി ആഗ്രഹിക്കുന്നത്. അതിനാല്‍ ലോകകപ്പിന് പിന്നാലെ ഒരു വലിയ അഴിച്ചുപണിയ്ക്കാവും ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിയ്ക്കുക.

പരിശീലക സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്ന പേരുകളിലൊന്ന് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനും മുന്‍ ഇന്ത്യന്‍ പേസറുമായ ആശിഷ് നെഹ്‌റയുടേതാണ്. പരിശീലകനായി ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കിയ നെഹ്‌റ രണ്ടാം സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ പരിശീലകനാകാന്‍ നെഹ്‌റയ്ക്കു താല്‍പര്യമില്ലെന്നാണു സൂചന. ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇപ്പോള്‍ തനിക്കു താല്‍പര്യമില്ലെന്ന് നെഹ്‌റ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സുമായി നെഹ്‌റയ്ക്ക് 2025 വരെ കരാറുണ്ട്.