പെണ്ണുങ്ങൾ എന്തിനാ ക്രിക്കറ്റ് കളിക്കുന്നത്, ചെന്നൈ സൂപ്പർ കിങ്‌സ് ഉടമയുടെ വിവാദ പരാമർശം വീണ്ടും ചർച്ചയിൽ

പതിനഞ്ചു വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണിൽ തന്നെ ആർസിബിയുടെ വനിതാ ടീം നേടിയെടുത്തിരിക്കുകയാണ്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയും കിരീടം ചൂടിയത്.

വനിതകൾ ക്രിക്കറ്റ് കളിച്ചാൽ ആര് കാണാൻ എന്ന ചിന്തകൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് അതെ വനിതാ ക്രിക്കറ്റ് ആവേശത്തിനായി ആരാധകർ കാത്തിരിക്കുന്ന ഒരു കാലത്തിലേക്ക് ഇന്ന് വനിതാ ക്രിക്കറ്റ് എത്തി. അതിനുള്ള തെളിവായിരുന്നു ഇന്നലെ നടന്ന ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടി എത്തിയ ആളുകളും മത്സരം തത്സമയം കണ്ട ആളുകളുടെ എണ്ണവും. പുരുഷ ക്രിക്കറ്റ് മത്സരങ്ങളുടെ അതെ ആവേശം ഇന്നലെ കാണാൻ പറ്റി.

വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചെന്നൈ ടീം ഉടമ എൻ. ശ്രീനിവാസൻ മുമ്പ് പറഞ്ഞ ഒരു അഭിപ്രായം ഇപ്പോൾ വൈറലാകുന്നു. വനിതാ ക്രിക്കറ്റ് വേണ്ട എന്ന തരത്തിൽ ഉള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. വാക്കുകൾ ഇങ്ങനെ:

“മറ്റ് വഴികൾ ഉണ്ടായിരുന്നെങ്കിൽ വനിതാ ക്രിക്കറ്റ് നടക്കാൻ ഞാൻ അനുവദിക്കില്ല. സ്ത്രീകൾക്ക് ക്രിക്കറ്റ് കളിക്കാൻ കാര്യമില്ല. ഐസിസി നിയമമായതിനാൽ മാത്രമാണ് ഞങ്ങൾ ഇത് ചെയ്യുന്നത്.”

എന്തായാലും ഇന്നലെ മത്സരത്തിനിടയിലും അതിന് ശേഷവും പിറന്ന ആവേശം കൂടി ആകുമ്പോൾ ഉടമയുടെ അഭിപ്രായം ഇപ്പോൾ ചർച്ച ആകുന്നു.