ഐപിഎല്‍ 2025 കിരീടം ആര് നേടും? പോയിന്റ് പട്ടിക എങ്ങനെയാവും?; വൈറലായി ഒരു പ്രവചനം

ഐപിഎല്‍ 2025 കിരീടം ആര് നേടും? പോയിന്റ് പട്ടിക എങ്ങനെയാവും? ഇക്കാര്യങ്ങളില്‍ ആസ്‌ട്രോ ഗുരു എന്ന പേജിലൂടെ വന്ന ജ്യോതിഷ പ്രവചനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുമെന്നാണ് ജ്യോതിഷ പ്രവചനം.

മുംബൈ ഇന്ത്യന്‍സിനൊപ്പം രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സും പ്ലേ ഓഫിലെത്തുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. മുംബൈയും പഞ്ചാബും തമ്മിലാവും ഫൈനല്‍ പോരാട്ടമെന്നും ജ്യോതിഷി പറയുന്നു.

ഏറ്റവും പ്രധാനപ്പെട്ട പ്രവചനം നിലവിലെ ചാമ്പ്യന്മാരായ കെകെആര്‍ ഇത്തവണ പ്ലേ ഓഫില്‍ പോലുമെത്തില്ലെന്നതാണ്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് പോകുമെന്നും ജ്യോതിഷി പറയുന്നു.

പോയിന്റ് പട്ടികയില്‍ ആര്‍സിബിയാകും അവസാന സ്ഥാനത്തേക്കെത്തുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം ചൂടാന്‍ കഴിയാത്ത ടീമാണ് ആര്‍സിബി. ഇത്തവണ ടീമിനെ വിരാട് കോഹ്‌ലി നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.