ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍ ആരു നേടും?; ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് ബട്ട്‌ലര്‍

ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ മാത്രം അണിനിരത്തി ഒരു സിക്സര്‍ മല്‍സരം സംഘടിപ്പിച്ചാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സറടിക്കുന്നത് ആരായിരിക്കുമെന്നു വ്യക്തമാക്കി വെടിക്കെട്ട് ഓപ്പണറും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്ട്്ലര്‍. രാജസ്ഥാന്‍ റോയല്‍സില്‍ ഒരു സിക്സര്‍ മല്‍സരം നടത്തിയാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍ സഞ്ജു സാംസണ്‍ നേടുമെന്നാണ് ബട്ട്‌ലര്‍ പറഞ്ഞത്.

നിലവവില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം സിക്സറുകളടിച്ച താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് സഞ്ജു സാംസണിന്റെ പേരിലാണ്. 110 സിക്‌സാണ് ഇതുവരെ രാജസ്ഥാനായി സഞ്ജു നേടിയിട്ടുള്ളത്.

അതേസമയം, ഐപിഎല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സറിന് ഉടമ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലാണ്. 2008ലെ പ്രഥമ സീസണില്‍ 125 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ സിക്സര്‍ പായിച്ചാണ് മോര്‍ക്കര്‍ റെക്കോര്‍ഡിട്ടത്.

ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ (124 മീറ്റര്‍, 2011), ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് (122 മീ, 2011) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.