കേരളത്തെ പോരാളികളാക്കിയ പരിശീലകന് ഇനി പുതിയ ദൗത്യം, പരിശീലിപ്പിക്കുക ഈ ടീമിനെ

രഞ്ജിട്രോഫിയില്‍ കേരളത്തെ ചരിത്രനേട്ടങ്ങളിലേക്ക് നയിച്ച സൂപ്പര്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോറിന് പുതിയ ഉത്തരവാദിത്വം. അടുത്ത രഞ്ജി സീസണില്‍ ബറോഡ ടീമിനെയാകും വാട്‌മോര്‍ പരിശീലിപ്പിക്കുക. ഈ സീസണ് പിന്നാലെ കേരളം വിട്ട വാട്‌മോര്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും, വൈകാതെ തന്നെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

1996 ലെ ഏകദിന ലോക കപ്പില്‍ ശ്രീലങ്ക കിരീടമുയര്‍ത്തുമ്പോള്‍ അവരുടെ പരിശീലകനായിരുന്ന വാട്‌മോര്‍, 2017- ലായിരുന്നു കേരള ടീമിന്റെ പരിശീലകനായെത്തിയത്. പരിശീലകനായ ആദ്യ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച വാട്‌മോര്‍, അടുത്ത സീസണില്‍ ചരിത്രത്തിലാദ്യമായി ടീമിനെ സെമി ഫൈനലിലെത്തിച്ചു.

എന്നാല്‍ ഇത്തവണത്തെ രഞ്ജി സീസണില്‍ ദയനീയ പ്രകടനമായിരുന്നു കേരളത്തിന്റേത്. എലൈറ്റ് ഗ്രൂപ്പ് എ യില്‍ നിന്ന് സിയിലേക്ക് കേരളം തരം താഴ്ത്തപ്പെടുകയും ചെയ്തു. ഇതോടെയാണ് ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിക്കാന്‍ വാട്‌മോര്‍ തീരുമാനിച്ചത്.