പന്തിനെ ഇത്ര പുകഴ്‌ത്താൻ അയാൾ എന്താണ് ചെയ്‌തത്‌, അയാളെ പുറത്താക്കാൻ എളുപ്പമാണ്; തുറന്നടിച്ച് മുൻ താരം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിലെ മിന്നും സെഞ്ച്വറിയ്ക്ക് പിന്നാലെ റിഷഭ് പന്തിനെ പ്രശംസകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി പന്തിന്റെ സെഞ്ച്വറി നേട്ടത്തെ താഴ്ത്തിക്കെട്ടി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. പന്തിന്റെ സെഞ്ച്വറിയ്ക്ക് കാരണം ഇംഗ്ലണ്ട് ബോളര്‍മാരുടെ പിഴവാണെന്നാണ് ആസിഫ് പറയുന്നത്.

‘പന്ത് വലിയ അത്ഭുതമൊന്നും കാട്ടിയിട്ടില്ല. ഇംഗ്ലണ്ട് ബോളര്‍മാരുടെ പിഴവുകള്‍ മാത്രമാണു സെഞ്ചറിയില്‍ കലാശിച്ചത്. സാങ്കേതിക പിഴവുകളുള്ള താരമാണു പന്ത്. ഇടംകൈ പൂര്‍ണമായും ഉപയോഗിക്കാത്ത താരമാണു പന്ത്. എന്നിട്ടു പന്ത് സെഞ്ചറി നേടിയത് പന്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഇംഗ്ലണ്ട് താരങ്ങള്‍ ബോള്‍ ചെയ്യാതെയിരുന്നതിനാലാണ്.’

‘ഞാന്‍ ആരെയും പേരെടുത്തു പറയുന്നില്ല, പക്ഷേ ഇംഗ്ലണ്ട് ഒരുപാടു പിഴവുകള്‍ വരുത്തി. ജഡേജയും പന്തും ബാറ്റു ചെയ്തപ്പോള്‍ അവര്‍ ഒരു ഇടംകയ്യന്‍ സ്പിന്നറെബോളിംഗിനു വിളിച്ചു. മത്സരത്തിന്റെ ആ ഘട്ടത്തില്‍ ഒരിക്കലും ഒരു നല്ല നീക്കമായിരുന്നില്ല ഇത്.’

‘ഞാന്‍ പന്തിന് എതിരല്ല. പക്ഷേ എതിര്‍ ടീം എടുക്കുന്നത് ഇത്തരത്തിലുള്ള തീരുമാനങ്ങളാണ് എങ്കില്‍ നിങ്ങള്‍ക്കു വലിയ സ്‌കോര്‍ നേടാനുള്ള അവസരമാണു കൈവരിക.’ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ ആസിഫ് പറഞ്ഞു.

ഒന്നാം ഇന്നിംഗ്‌സില്‍ വെറും 89 പന്തില്‍ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച പന്ത് 111 പന്തില്‍ 146 റണ്‍സെടുത്തിരുന്നു. 19 ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. 6ാം വിക്കറ്റില്‍ 222 റണ്‍സാണ് പന്ത്-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.