വനിതാലോകകപ്പില്‍ മിന്നുന്ന ക്യാച്ചുമായി വെസ്റ്റിന്‍ഡീസ് താരം ; ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ട് സോഷ്യല്‍മീഡിയ

പുരുഷതാരങ്ങളെ പോലും വെല്ലുന്ന ക്യാച്ചുമായി വനിതാലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് താരത്തിന്റെ ഉജ്വല പ്രകടനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇംഗ്‌ളണ്ടിനെിരേ നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ ദിയേന്ദ്ര ഡോട്ടിന്‍ ഇംഗ്‌ളണ്ടിന്റെ ബാറ്റ്്‌സ്‌വുമണ്‍ ലോറന്‍ വിന്‍ഫീല്‍ഡ് ഹില്ലിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് വൈറലായി മാറിയിരിക്കുന്നത്.

ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതാ ലോകകപ്പ് മത്സരത്തില്‍ ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന വെസ്റ്റിന്‍ഡീസിന്റെ മത്സരത്തിലായിരുന്നു ഡോട്ടിന്റെ പ്രകടനം. വെസ്റ്റിന്‍ഡീസിന്റെ 225 റണ്‍സിനെതിരേ ഇംഗ്ലണ്ട് മറുപടി ബാറ്റിങ് ആരംഭിച്ച് അധികം വൈകാതെയായിരുന്നു ഡോട്ടിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇംഗ്ലണ്ട് ഇന്നിങ്സിലെ ഒന്‍പതാം ഓവറില്‍ ഷമീലിയ കോണല്‍ എറഞ്ഞി ആദ്യ പന്തു നേരിട്ട ലോറന്‍ വിന്‍ഫീല്‍ഡ് ഹില്‍ കട്ട് ഷോട്ടിലൂടെ ബൗണ്ടറിക്കു ശ്രമിച്ചു. ബാക്വാര്‍ഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ദിയേന്ദ്ര ഡോട്ടിനെ പന്ത് കടന്നുപോയെങ്കിലും താരം ഇടത്തേക്ക് ഡൈവ് ചെയ്ത് കയ്യിലൊതുക്കി.

പറക്കും ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മത്സരത്തില്‍ 47.4 ഓവറില്‍ 218 റണ്‍സിന് ഓള്‍ഔട്ടായി ഇംഗ്ലണ്ട് മത്സരം തോല്‍ക്കുകയും ചെയ്തു. നേരത്തേ ബാറ്റിംഗിലും ഡോട്ടിന്‍ മികച്ച പ്രകടനം കാട്ടിയിരുന്നു. ഓപ്പണര്‍മാരായ ഡോട്ടിന്‍ 31 റണ്‍സെടുത്തും ഹെയ്ലി 45 റണ്‍സെടുത്തും പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷെമെയ്ന്‍ കാംബല്‍ 66 റണ്‍സ് കൂടിയെടുത്തതോടെ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് വനിതകള്‍ നേടിയത് 225 റണ്‍സ്. മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.