ചെപ്പോക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ സിംബാവെയ്ക്കെതിരെ ഇന്ത്യക്ക് 72 റൺസിന്റെ ജയം. ഇതോടെ സെമി പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സിംബാവേ ടി 20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ബാറ്റ് വീശിയ എല്ലാ താരങ്ങളും വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്.
ചെപ്പോക്കിനെ ആവേശത്തിലാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഓപ്പണർ റോളിൽ ഇറങ്ങിയ സഞ്ജു തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 5 പന്തിൽ രണ്ട് സിക്സറും ഒരു ഫോറും നേടിയ താരം 24 റൺസ് നേടിയാണ് മടങ്ങിയത്. മുസർബാനിയുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തിരികെ എത്തിയ സഞ്ജുവിനെ അഭിനന്ദിച്ച ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. .
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയപ്പോൾ സിംബാബ്വെയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസിൽ അവസാനിച്ചു. സിംബാബ്വെയ്ക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് പൊരുതി. താരം 97 റൺസ് നേടി പുറത്താകാതെ നിന്നു. സിക്കന്ദർ റാസ 31 റൺസ് നേടി.
Read more
ഇന്ത്യക്കായി 30 പന്തുകൾ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി. മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി. അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തിൽ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 44 റൺസ് നേടി. ബോളിങ്ങിൽ അർശ്ദീപ് സിങ് മൂന്നു വിക്കറ്റുകളും, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റുകളും നേടി.







