പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

നടി ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍. ലക്ഷ്മിപ്രിയക്കും ഹില്‍പാലസ് സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മയ്ക്കും എതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ല എന്ന പൊലീസ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് നടപടി. വനിതാ എസ്‌ഐ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് കാണിച്ച് തൃക്കാക്കര എസിപിയാണ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി. അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം തനിക്ക് ഒരു നോട്ടീസ് പോലും നല്‍കാതെ പേഴ്‌സണലി അയച്ച ഒരു മെസേജിന്റെ പുറത്ത് എന്നെ വിളിച്ച് വരുത്തി മൂന്ന് മണിക്കൂറോളം ഇരുത്തുകയും ലക്ഷ്മിപ്രിയയും ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവും എസ് ഐ രേഷ്മയുമുള്‍പ്പടെ മൂന്ന് പേരും കൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അൻസിബ പറയുന്നു.

Read more

ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ഫോണ്‍ കോളിലായിരുന്നു. അതുവഴിയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ചെയ്യല്‍. അവര്‍ മൂന്ന് പേര്‍ക്കും എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും ഉണ്ടോ അതെല്ലാമുള്ള എന്റെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. എന്റെ മൗലികാവകാശങ്ങളെ ചോദ്യം ചെയ്തതിന് പൊലീസുകാര്‍ക്ക് തെറ്റൊന്നും കണ്ടെത്താന്‍ പറ്റിയിട്ടില്ല എങ്കില്‍ ഞാന്‍ കോടതിയില്‍ പോകുമെന്നും അന്‍സിബ പറഞ്ഞു.