വെൽക്കം സ്റ്റാർക്ക് ഭായ് ടു കൊൽക്കത്ത, കോടികിലുക്കത്തിൽ എത്തിയ ഓസ്‌ട്രേലിയൻ ബോളറെ പഞ്ഞിക്കിട്ട് റിങ്കു സിംഗ്; ഇയാൾ ഇത്തവണ അടി മേടിച്ച് കൂട്ടും

ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം “ഐപിഎൽ ടൂര്ണമെന്റിലേക്ക്” മടങ്ങിയെത്തിയ ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് കൊൽക്കത്ത ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. 2014ലും 2015ലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അവസാനമായി ഐപിഎല്ലിൽ കളിച്ച ഓസീസ് താരത്തെ, ഐപിഎൽ 2018ന് മുന്നോടിയായി കെകെആർ വാങ്ങിയെങ്കിലും പരുക്ക് അദ്ദേഹത്തെ ആ സീസണിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള ടീം എക്കാലത്തെയും ലേല റെക്കോർഡ് തകർത്ത് 24.75 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. “ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗായിരിക്കുമ്പോൾ ഇത് എപ്പോഴും ഒരു സർക്കസ് ആണ്. തീർച്ചയായും ഇതൊരു പുതിയ വെല്ലുവിളിയാണ്. അതെ, അത് ആവേശകരമായിരിക്കും. അതിനാൽ, അതെ, ഞാൻ അതിനായി കാത്തിരിക്കുകയാണ്,” സ്റ്റാർക്ക് ക്രിക്കറ്റ്.കോം.ഔയോട് പറഞ്ഞു.

ആദ്യ പരിശീലന മത്സരത്തിൽ 2022 ലെ അണ്ടർ-19 ലോകകപ്പ് ജേതാവും ഈ വര്ഷം കൊൽക്കത്ത ടീമിലെത്തിയ അംഗൃഷ് രഘുവംശിയെ ഓഫ് സ്റ്റമ്പിന് പുറത്ത് കുറച്ച് തവണ ബുദ്ധിമുട്ടിക്കാൻ താരത്തിനായി. മന്ദഗതിയിലുള്ള ഈഡൻ വിക്കറ്റിൽ നിന്ന് അദ്ദേഹം വിചിത്രമായ ബൗൺസ് സൃഷ്ടിച്ചു. കൂടാതെ സ്റ്റാർക്ക് അഫ്ഗാൻ ബാറ്റർ ഗുർബാസിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു. എന്നാൽ പിന്നെ എറിഞ്ഞ ഓവറുകളിൽ കാര്യങ്ങൾ അത്ര ഭംഗി ആയിരുന്നില്ല. കൊൽക്കത്തയുടെ യുവതാരങ്ങൾ സ്റ്റാർക്കിനെ ശരിക്കും പഞ്ഞിക്കെട്ടിന്ന് പറയാം.

ആദ്യ ഓവറിൽ 1 റൺസ് മാത്രം വിട്ടുകൊടുത്ത സ്റ്റാർക്ക് പിന്നെയുള്ള 3 ഓവറിൽ വഴങ്ങിയത് 39 റൺസാണ്. ഇവനെ തല്ലാനുള്ള കോൺഫിഡൻസ് ഞങ്ങൾക്ക് ഉണ്ടെന്ന മട്ടിൽ കളിച്ച കൊൽക്കത്ത ബാറ്ററുമാർ സ്റ്റാർക്കിനെ ശരിക്കും പ്രഹരിച്ചു. ഇതിൽ തന്നെ റിങ്കു സിങ്ങും മനീഷ് പാണ്ഡേയും ചേർന്ന് അവസാന ഓവറിൽ 20 റൺസാണ് അടിച്ചുകൂട്ടിയത്.

റിങ്കു സിംഗ് താരത്തെ ആക്രമിച്ച രീതി എതിർ ബാറ്ററുമാർക്ക് നൽകിയത് ശുഭസൂചനയാണ് എന്ന് പറയാം. എന്തയാലും പരിശീലന മത്സരത്തിലെ പ്രശ്നങ്ങൾ സ്റ്റാർക്ക് മത്സരം ആകുമ്പോൾ ശരിയാക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.