ഈ ലോക കപ്പ് ഞങ്ങളെടുക്കും, പാക് ടീമിന്റെ ശക്തി എല്ലാവരും കാണും; അവകാശവാദവുമായി മിക്കി ആര്‍തര്‍

2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി രസകരമായ ഒരു അവകാശവാദം നടത്തി പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍. നിലവിലെ കളിക്കാരെയും അവരുടെ പ്രതിഭയും വിലയിരുത്തുമ്പോള്‍ ഏകദിന ലോകകപ്പ് കിരീടം തങ്ങള്‍ നേടുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പക്കലുള്ള പ്രതിഭകള്‍ കൊണ്ട് ലോകകപ്പ് നേടാനാകുന്ന ടീമാണ് ഇതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഞാനത് ഉറപ്പായും ചെയ്യും. പാകിസ്ഥാന്റെ കഴിവ് അതിശയകരമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് എത്രത്തോളം മുന്നോട്ട് പോകാനാകും എന്നറിയാന്‍ ഞാന്‍ വളരെ ആവേശഭരിതനാണ്. ഈ കളിക്കാരുടെ വികസനത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്- ആര്‍തര്‍ പറഞ്ഞു.

മെഗാ ഏകദിന ഇവന്റിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങിയതായി അദ്ദേഹം വിശദീകരിച്ചു. ഇതുകൂടാതെ, 2023 ലെ ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, ഒരു ബാക്കപ്പ് പദ്ധതിയുടെ ഭാഗമായി ക്യാമ്പുകളുടെ കാര്യത്തില്‍ മാനേജ്‌മെന്റ് ഒരു ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ആര്‍തര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ക്യാമ്പുകളുടെ കാര്യത്തില്‍ ഒരു മുഴുവന്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ഞങ്ങള്‍ അധികമായി പ്രവര്‍ത്തിക്കണമെന്ന് കരുതുന്ന മേഖലകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് മധ്യ ഓവറുകളില്‍ സ്പിന്‍ കളിക്കുന്നതിലും സ്വീപ്പര്‍മാരെ നേരിടുന്നതിലും- ആര്‍തര്‍ കൂട്ടിച്ചേര്‍ത്തു.