ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ രണ്ടാം സീസണിൽ പാകിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിച്ചതിന് ഇന്ത്യൻ കളിക്കാരെ വിമർശിച്ച് പാക് മുൻ ഫാസ്റ്റ് ബോളർ അബ്ദുർ റൗഫ് ഖാൻ. ജൂൺ 20 ന് എഡ്ജ്ബാസ്റ്റണിൽ നടക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യൻ കളിക്കാർ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ, യൂസഫ് പത്താൻ, ശിഖർ ധവാൻ എന്നിവർക്ക് ചിരവൈരികളായ ടീമുകൾക്കെതിരെ മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു. പൊതുജനങ്ങളുടെ പ്രതിഷേധത്തെയും കളിക്കാരുടെ നിലപാടിനെയും തുടർന്ന്, WCL സംഘാടകർ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കാൻ നിർബന്ധിതരായി.
“നിങ്ങൾ പരസ്പരം കളിക്കില്ലെന്ന് ആരാധകരെ കാണിക്കുന്നു, പക്ഷേ തിരശ്ശീലയ്ക്ക് പിന്നിൽ, നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നു. ഇത് ന്യായമല്ല. അവർ ഒരുമിച്ച് ചുറ്റിനടക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് പാർട്ടി നടത്തുന്നു. ഒരു ഗെയിം കളിക്കുന്ന കാര്യത്തിൽ, അവർ ലോകത്തിന് മുന്നിൽ വ്യത്യസ്തമായ ഒരു ചിത്രം കാണിക്കാൻ ശ്രമിക്കുന്നു,” റൗഫ് പറഞ്ഞു.
“ഇന്ത്യൻ കളിക്കാർക്ക് അത് മനസിലാകും. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും ഡ്രസ്സിംഗ് റൂമുകൾ പങ്കിടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിന് പുറത്ത് ഞങ്ങൾ സുഹൃത്തുക്കളാണ്. ബഹിഷ്‌കരണ നിലപാട് അനാവശ്യമായ ആവേശം സൃഷ്ടിക്കുന്നു. മത്സരം കാണാൻ ആഗ്രഹിക്കുന്ന ആരാധകർ നിരാശരാണ്. ഇത് ക്രിക്കറ്റിന് നല്ലതല്ല. നമ്മൾ കളിയോടും ആരാധകരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു,” ,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതിനേക്കാൾ കൂടുതൽ കലശിലാണ്. ഈ വർഷത്തെ ഏഷ്യാ കപ്പ് കൂടി അനിശ്ചിതത്വത്തിലാണ്. ടൂർണമെന്റിൽ കളിക്കാൻ ബിസിസിഐക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്.







