അപ്പോൾ ഇതായിരുന്നല്ലേ എൽ-ക്ലാസിക്കോ, മാനം രക്ഷിക്കാൻ ഒരു ജയമെങ്കിലും

ശങ്കർ ദാസ്

തോൽക്കാൻ വേണ്ടി മത്സരിക്കുന്ന രണ്ട് ടീമുകളാണ് ഈ 21ന് പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. തുടർച്ചയായ 6 തോൽവികളോടെ അവസാനസ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്ന മുംബൈക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് കഴിഞ്ഞ കളിയിൽ ഗുജറാത്തിനെതിരെ ചെന്നൈ തോൽവി പിടിച്ച് വാങ്ങിയതോടെ അടിത്തട്ടിൽ അങ്കം മുറുകി.

ആദ്യം ബാറ്റ് ചെയ്ത് എത്ര സ്കോർ നേടിയാലും അവസാനം വരെ പൊരുതി എതിരാളികളെ വിജയത്തിലെത്തിക്കാൻ കഴിവുള്ള ബൗളിംഗ് നിരയാണ് തോൽവിക്കായുള്ള പോരാട്ടത്തിൽ ഇരു ടീമുകളുടെയും ശക്തി. മുംബൈയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ താരങ്ങളായ രോഹിതും ഇഷാൻ കിഷനും ചേരുന്ന ഓപ്പണിങ് ജോടിയുണ്ടെങ്കിലും തോൽവികൾ ഉറപ്പാക്കാൻ അതൊന്നും തടസ്സമാകുന്നേയില്ല.

തിലക് വർമ്മയും ബ്രെവിസും സൂര്യയും കൂടി കിഷന്റെ പാത പിന്തുടർന്നാൽ മുംബൈക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും.ഒരു ബുമ്ര മാത്രം വിചാരിച്ചാൽ തോൽക്കാനുള്ള ദാഹത്തിനെ തടയാൻ കഴിയില്ല എന്നതിനാൽ ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ കാര്യത്തിൽ ആശങ്കയേയില്ല.

ഏറെക്കുറെ മുംബൈയുടെ പാതയിൽ തന്നെയായിരുന്നെങ്കിലും അപ്രതീക്ഷിതമായി ബാംഗ്ലൂരിന് എതിരെ തോൽവി കൈവിട്ടത് ചെന്നൈ ആരാധകരെപ്പോലും ഞെട്ടിച്ചു. ഇതിന് പ്രതിവിധിയെന്നോണം അടുത്ത കളിയിൽ എതിരാളികളെ ഞെട്ടിച്ച് കൊണ്ട് തോൽവി പിടിച്ച് വാങ്ങി ചെന്നൈ കരുത്ത് തെളിയിച്ചു.

തോൽവിയിലേക്കുള്ള പോരാട്ടത്തിൽ ,സ്ഥിരതയില്ലാത്ത ബാറ്റേഴ്സിനും റൺസ് വാരിക്കോരിക്കൊടുക്കുന്ന ബൗളർമാർക്കും പുറമെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു ക്യാപ്റ്റനും ഉണ്ടെന്നതാണ് ചെന്നൈയുടെ പ്ലസ് പോയിന്റ്. തോൽവി കൈവിടാൻ തയ്യാറല്ലാത്ത രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ വ്യാഴാഴ്ചത്തെ പോരാട്ടം തീ പാറുമെന്നുറപ്പ്.ഒരു പക്ഷെ ഐ.പി.എൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരവും ഇതായിരിക്കും, ‘ദി റിയൽ എൽക്ലാസിക്കോ’.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ