ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് കനത്ത പ്രഹരമേല്‍പ്പിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ; ഒരു റണ്‍സുമായി മടങ്ങിയത് രണ്ടു വമ്പനടിക്കാര്‍

ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് വമ്പന്‍ പ്രഹരമേല്‍പ്പിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍. വമ്പനടിക്കാരന്‍ ക്വിന്റണ്‍ ഡീക്കോക്കിനെയും എവിന്‍ ലൂയിസിനെയും നഷ്ടമായി. ലക്‌നൗ സ്‌കോര്‍ ഒമ്പത് റണ്‍സില്‍ നില്‍ക്കേ സണ്‍റൈസേഴ്‌സിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി ഡീകോക്കിനെ നായകന്‍ വില്യംസണിന്റെ കയ്യില്‍ എത്തിച്ചു. ഒരു റണ്‍സാണ് ഡീകോക്കിന് എടുക്കാനായത്.

പിന്നാലെയെത്തിയ എവിന്‍ ലൂയിസിനെ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അഞ്ചു പന്തുകളാണ് താരത്തിന് നേരിടാനായത്. 14 റണ്‍സുമായി മറുവശത്ത് കെ എല്‍ രാഹുല്‍ ബാറ്റിംഗ് തുടരുകയാണ്. മനീഷ് പാണ്ഡേയാണ് ഒപ്പം നില്‍ക്കുന്നത്. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു.

രാജസ്ഥാന്‍ റോയല്‍സിനെതിരേ കളിച്ച ടീമുമായിട്ടാണ് സണ്‍റൈസേഴ്‌സ് വരുന്നത്. ലക്‌നൗ ടീമില്‍ ഒരു മാറ്റം വരുത്തി. ദുഷ്മന്ത് ചമീരയുടെ സ്ഥാനത്ത് ലക്‌നൗ ജേസണ്‍ ഹോള്‍ഡറെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടുന്നത്.