തോല്‍ക്കുന്നവരുടെ വേദന ഇന്ത്യയെ അറിയ്ക്കാനായി, തുറന്നടിച്ച് ബംഗ്ലാ താരം

അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയതോടെ ഇതാദ്യമായി ഒരു ഐസിസി കിരീടത്തില്‍ മുത്തം വെച്ച ആഹ്ലാദത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ ബംഗ്ലാദേശിന് 2020 വരെ കാത്തിരിക്കേണ്ടി വന്നു. ഫൈനലില്‍ ഇന്ത്യയെ തകര്‍ത്താണ് ബംഗ്ലാദേശ് ലോകകപ്പ് ഉയര്‍ത്തിയത്.

ലോകകപ്പ് നേട്ടത്തിലൂടെ തോല്‍ക്കുന്നവരുടെ വേദന ഇന്ത്യയെ അറിയിക്കാനയതില്‍ സന്തോഷമുണ്ടെന്ന് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ബംഗ്ലാദേശ് ടീമിലെ പേസ് ബൗളറായ ഷൊറിഫുള്‍ ഇസ്ലാം തുറന്ന് പറയുന്നു.

2018ലും 2019ലും അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യയോട് തോറ്റപ്പോള്‍ അതേരീതിയില്‍ ഇന്ത്യയെ ഒരിക്കല്‍ തോല്‍പ്പിക്കണമെന്ന് ഞങ്ങളെല്ലാം മനസില്‍ കണക്കുകൂട്ടിയിരുന്ന. കാരണം ഞങ്ങളെ തോല്‍പ്പിച്ചശേഷം അന്ന് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ വിജയാഘോഷം ഞങ്ങളുടെ മനസിനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഞങ്ങള്‍ക്ക് മാത്രമെ അറിയു. അത് ഇന്ത്യക്കാരെയും അറിയിക്കണമെന്ന് ഞങ്ങള്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ടായിരുന്നു. 2019 ഏഷ്യാ കപ്പ് ഫൈനലില്‍ ഞങ്ങളുടെ സ്വന്തം നാട്ടില്‍ വഴങ്ങിയ ഒരു റണ്‍സ് തോല്‍വി ഞങ്ങളെ അത്രമാത്രം വേദനിപ്പിച്ചിരുന്നു” ഇസ്ലാം പറയുന്നു

“അന്നെല്ലാം വിജയിച്ചശേഷം ഞങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ അവര്‍ വന്യമായാണ് വിജയാഘോഷം നടത്തിയത്. ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യക്കെതിരെ ഇറങ്ങും മുമ്പ് പ്രതികാരം തീര്‍ക്കണമെന്ന ചിന്തയോടെ തന്നെയാണ് ഇറങ്ങിയത. അപ്പോഴെ തോറ്റു പോകുന്നവരുടെ വേദന അവരറിയൂ” ഇസ്ലാം കൂട്ടിചേര്‍ത്തു.

ഫൈനലിനുശേഷമുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും മൂന്ന് ബംഗ്ലദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നാലു മുതല്‍ 10 വരെ മത്സരങ്ങളില്‍നിന്ന് വിലക്കും ലഭിച്ചു. ഇന്ത്യന്‍ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്‌ണോയി എന്നിവരാണ് ഇന്ത്യന്‍ നിരയില്‍നിന്ന് ശിക്ഷിക്കപ്പെട്ടവര്‍. ബംഗ്ലദേശ് നിരയില്‍നിന്ന് തൗഹീദ് ഹൃദോയ്, ഷമിം ഹുസൈന്‍, റാക്കിബുല്‍ ഹസന്‍ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്.