കലാപം? ബിസിസിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് കോഹ്ലി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന്‍ വിരാട് കോഹ്ലി. ബിസിസിഐയുടെ ആസൂത്രണമില്ലായിമയാണ് താരങ്ങളുടെ തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ക്ക് കാരണമെന്ന് കോഹ്ലി തുറന്ന് പറയുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ പേസ് ബോളര്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കിയതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് തയാറെടുപ്പുകള്‍ക്ക് ആവശ്യത്തിനു സമയം അനുവദിക്കാത്തതിനെതിരെ കോഹ്ലി തുറന്നടിച്ചത്.

“ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി ബൗണ്‍സിങ് വിക്കറ്റ് തയാറാക്കാന്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ഉടനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടണം. അതിന് ഒരുങ്ങാന്‍ ടീമിന് ആകെ ലഭിക്കുന്നത് രണ്ടു ദിവസമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ അടുത്ത പരമ്പരയ്ക്കായി ഒരുങ്ങുകയേ നിര്‍വാഹമുള്ളൂ” കോഹ്‌ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പ് ഒരു മാസമെങ്കിലു സമയം കിട്ടിയിരുന്നെങ്കില്‍ നന്നായി ഒരുങ്ങാന്‍ സാധിക്കുമായിരുന്നുവെന്ന് പറയുന്ന കോഹ്ലി നിര്‍ഭാഗ്യവശാല്‍ അതിന് സമയമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതെസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് കോഹ്ലി വ്യക്തമാക്കി. ചിലപ്പോള്‍ ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തി കളിക്കേണ്ടി വന്നേക്കാം. ടീമിന്റെ സന്തുലിതാവസ്ഥയും സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇരുവരും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാല്‍ പരിഗണനയില്‍ മുന്‍ഗണന ലഭിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ അവസാന ട്വന്റി20 മല്‍സരം ഡിസംബര്‍ 24നാണ്. അതിനുശേഷം ഡിസംബര്‍ 27നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടുന്നത്.