RCB VS CSK: ചെന്നൈക്കെതിരെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം, ചിന്നസ്വാമിയില്‍ വീണ്ടും കിങ്ങിന്റെ വെടിക്കെട്ട്, പൊളിച്ചെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് വെടിക്കെട്ട്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത സിഎസ്‌കെ ബോളര്‍മാരെ ആദ്യം മുതല്‍ തന്നെ കണക്കിന് ശിക്ഷിക്കുകയായിരുന്നു കോഹ്ലി. ഓപ്പണിങ് വിക്കറ്റില്‍ ജേക്കബ് ബെതലിനൊപ്പം ചേര്‍ന്ന് ശ്രദ്ധേയ തുടക്കമാണ് കോഹ്ലി ടീമിന് നല്‍കിയത്. 33 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും അടിച്ച് 62 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്നത്തെ ഇന്നിങ്‌സോടെ സിഎസ്‌കെയ്‌ക്കെതിരെ ഒരു റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് താരം.

ഐപിഎലില്‍ ചെന്നൈക്കെതിരെ എറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയ താരമെന്ന റെക്കോഡാണ് കോഹ്ലി തന്റെ പേരിലാക്കിയത്. 10 അര്‍ധസെഞ്ച്വറികളാണ് കോഹ്ലി സിഎസ്‌കെയ്‌ക്കെതിരെ ഐപിഎല്‍ കരിയറില്‍ നേടിയത്. 9 വീതം ഫിഫ്റ്റികളോടെ ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ്മ തുടങ്ങിയവരാണ് താരത്തിന് പിന്നിലുളളത്.

സായി സുദര്‍ശനെ പിന്നിലാക്കി ഈ സീസണില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായും കോഹ്ലി മാറി. 11 കളികളില്‍ നിന്ന് 505 റണ്‍സാണ് ആര്‍സിബി താരം അടിച്ചെടുത്തത്. പ്ലേഓഫ് പ്രവേശനം ഉറപ്പാക്കാന്‍ ഇന്നത്തെ മത്സരം ബെംഗളൂരുവിന് വളരെ നിര്‍ണായകമാണ്. നിലവില്‍ മൂന്നാം സ്ഥാനത്താണ് അവരുളളത്. പത്ത് കളികളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റാണ് ആര്‍സിബിക്കുളളത്.

Read more