സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോഹ്‌ലിക്കാവില്ല, അതാര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവന് മാത്രമാണ്: ബ്രയാന്‍ ലാറ

ഏകദിനത്തിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോഡ് വിരാട് കോഹ്‌ലി മറികടന്നെങ്കിലും 100 സെഞ്ച്വറി റെക്കോഡ് താരത്തിന് മറികടക്കാനാവില്ലെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോഹ്‌ലിയുടെ വലിയ ആരാധകനാണെങ്കിലും സച്ചിന്റെ 100 സെഞ്ച്വറികളുടെ റെക്കോഡ് താരം മറികടക്കുമെന്ന് പറയുന്നതിന് പിന്നില്‍ യുക്തിയില്ലെന്ന് ബ്രയാന്‍ ലാറ പറഞ്ഞു.

വിരാട് കോഹ്‌ലിക്ക് 35 വയസായി. സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനിയും 20 സെഞ്ച്വറികള്‍ കൂടി വേണം. ഓരോ വര്‍ഷവും അഞ്ച് സെഞ്ച്വറികള്‍ വീതമെങ്കിലും നേടിയാല്‍ നാലു വര്‍ഷം കൊണ്ട് കോഹ്‌ലിക്ക് സച്ചിനൊപ്പമെത്താം. അപ്പോഴേക്കും കോഹ്‌ലിക്ക് 39 വയസാവും. അത് എളുപ്പമല്ല, ഒട്ടും എളുപ്പമല്ല.

സച്ചിന്റെ മറ്റ് പല റെക്കോഡുകളും കോഹ്‌ലി തകര്‍ക്കുമായിരിക്കും. പക്ഷെ 100 സെഞ്ച്വറികള്‍ മറികടക്കുക കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റിന്റെ കാഴ്ചപ്പാടില്‍ നോക്കിയാലും അതിന് യുക്തിയില്ല. കോഹ്‌ലി 100 സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോഡ് മറികടക്കുമെന്ന് പറയുന്നവര്‍ യാതൊരു യുക്തിയുമില്ലാതെയാണ് അത് പറയുന്നത്.

കാരണം 20 സെഞ്ച്വറികളെന്നത് വലിയ ദൂരമാണ്. പല ക്രിക്കറ്റ് താരങ്ങള്‍ക്കും അവരുടെ ആകെ കരിയറില്‍ പോലും 20 സെഞ്ച്വറികളില്ല. കോഹ്‌ലിക്ക് പ്രായം പ്രശ്‌നമാകില്ല. പക്ഷെ എന്നാലും കോഹ്‌ലി സച്ചിനെ മറികടക്കുമെന്ന് പറയാന്‍ തക്ക സാഹസികനല്ല ഞാന്‍.

സച്ചിന്റെ മറ്റേതൊക്കെ റെക്കോഡ് കോഹ്‌ലി മറികടന്നാലും 100 സെഞ്ച്വറികളെന്ന നേട്ടം മറികടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ അതാര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് നിലവില്‍ കോഹ്‌ലിക്ക് മാത്രമാണ്. സച്ചിന് അടുത്തെത്താനെങ്കിലും കോഹ്‌ലിക്ക് കഴിയും. ഞാനും അവന്റെ ആരാധകനാണ്. അതുകൊണ്ടുതന്നെ കോഹ്‌ലി 100 സെഞ്ച്വറികള്‍ തികച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ ഞാനായിരിക്കും- ലാറ പറഞ്ഞു.