വിരാട്‌കോഹ്ലിയുടെ സെഞ്ച്വറി വരള്‍ച്ച വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ തീരും; കാരണം കണക്കുകള്‍ പറയും

ന്യൂസിലന്റിനെതിരേ തകര്‍ക്കുമെന്നു കരുതിയ മുന്‍നായകന്‍ വിരാട്‌കോഹ്ലിയുടെ സെഞ്ച്വറി വരള്‍ച്ച ദക്ഷിണാഫ്രിക്കയിലും അവസാനിച്ചില്ല. എന്നാല്‍ നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരേ അടുത്തമാസം നടക്കുന്ന പരമ്പരയില്‍ മിക്കവാറും ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. കണക്കുകളുടെ കളി വെച്ചാണ് വെസ്റ്റിന്‍ഡീസിനെതിരേ കോഹ്ലി സെഞ്ച്വറി പ്രശ്‌നം പരിഹരിക്കുമെന്ന്് ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും പ്രവചിക്കുന്നത്.

കാരണം വിന്‍ഡീസിനെതിരേ ഏറ്റവുമധികം ഏകദിന സെഞ്ച്വറികളെന്ന ഓള്‍ടൈം റെക്കോര്‍ഡ് കോലിക്ക് അവകാശപ്പെട്ടതാണ്. കരീബിയന്‍ പടയ്ക്ക് എതിരേ ഒമ്പത് സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പോലും നാലു സെഞ്ച്വറികളേ ഉള്ളൂ എന്നിരിക്കെ വിരാട് കോഹ്ലിയ്ക്ക് വിന്‍ഡീസിനെതിരേയുള്ള മുന്‍തൂക്കവും നാട്ടില്‍ പരമ്പര നടക്കുന്നെന്ന ആനുകൂല്യവുമാണ് കോഹ്ലി ഇത്തവണ തകര്‍ക്കുമെന്ന ദൃഡവിശ്വാസത്തിന് ആധാരം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി അവസാനമായി മൂന്നക്കം തികച്ചത് 2019 നവംബറിലായിരുന്നു. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. പിന്നീട് പല തവണ ഫോമായപ്പോഴെല്ലാം 70കളിലും 80 കളിലുമെല്ലാം അദ്ദേഹം പുറത്തായിട്ടുണ്ട്. അഞ്ചു വീതം സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കയുടെ മുന്‍ താരങ്ങള്‍ ഹാഷിം അംല, എബി ഡിവില്ലിയേഴ്സ്, ഹെര്‍ഷല്‍ ഗിബ്സ് എന്നിവരാണ് വെസ്റ്റിന്‍ഡീസിനെതിരേ നേടിയ സെഞ്ച്വറിയുടെ എണ്ണക്കണക്കില്‍ മത്സരത്തില്‍ വിരാട് കോഹ്ലിയ്ക്ക് പിന്നിലുള്ളത്.

പാകിസ്താന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റനും അടുത്ത സൂപ്പര്‍ താരുമായ ബാബര്‍ ആസം, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്, ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ് എന്നിവരാണ് മൂന്നാമത്. ഇവരെല്ലാം നാലു സെഞ്ച്വറികള്‍ വീതമാണ് വിന്‍ഡീസിനെതിരേ സ്‌കോര്‍ ചെയ്തത്. ഇവരില്‍ ബാബര്‍ അസം കോലിക്കു പ്രധാനമായും ഭീഷണി ഉയര്‍ത്തുന്നുണ്ട്.