ചെക്കൻ അടിച്ച് തൂക്കി; ഹേസൽവുഡിനെയും അഭിനന്ദൻ സിങ്ങിനെയും എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റി വിട്ട് വൈഭവ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്ക് ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്. 6 വിക്കറ്റുകൾക്കാണ് രാജസ്ഥാൻ വിജയിച്ചത്. യുവ താരങ്ങളായ വൈഭവ് സൂര്യവൻഷിയുടെയും ദ്രുവ് ജുറലിന്റെയും മികവിലാണ് ആർസിബിയെ പരാജയപ്പെടുത്തിയത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ആർസിബി ബോളർമാർക്ക് മോശമായ സമയമാണ് താരങ്ങൾ നൽകിയത്.

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവൻഷി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.

ആർസിബിക്ക് വേണ്ടി ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ അര്‍ധ സെഞ്ച്വറിയാണ് ബെംഗളൂരുവിന് കരുത്തായത്. 40 പന്തിൽ നിന്ന് നാല് വീതം സിക്‌സും ബൗണ്ടറികളുമടക്കം 63 റൺസെടുത്ത ക്യാപ്റ്റൻ രജത് പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്‌കോറർ. അവസാന ഓവറിൽ വെങ്കിടേഷ് അയ്യരുടെ (29*) വെടിക്കെട്ടും ആർസിബിയെ 200 കടത്തി. ബോളിങ്ങിൽ ജോഷ് ഹേസൽവുഡ് 4 ഓവറിൽ 2 വിക്കറ്റുകൾ നേടി 44 റൺസ് വഴങ്ങി. കൂടാതെ അഭിനന്ദൻ സിങ് 3 ഓവറിൽ 54 റൺസും വഴങ്ങി.