താരലേലം; ഇര്‍ഫാന്‍ പത്താന്‍ ഇത്തവണയും പുറത്ത്

ഐപിഎല്‍ താരലേലത്തില്‍ മൂന്നാം വട്ടവും തിരിച്ചടിയേറ്റ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. കോടികള്‍ മറിഞ്ഞ താരലേലത്തില്‍ ഒരു ടീമും ഇര്‍ഫാന്‍ പത്താനെ വിളിച്ചെടുക്കാന്‍ തയ്യാറായില്ല. അന്‍പത് ലക്ഷം രൂപയായിരുന്നു ഇര്‍ഫാന്‍ പത്താന് അടിസ്ഥാന വിലയായി നല്‍കിയിരുന്നത്.

ഇതോടെ തുടര്‍ച്ചയായ മൂന്ന് വട്ടവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്തായി ഈ ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍.

ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ അഭ്യന്തര ക്രിക്കറ്റിലും നിരാശജനമായ പ്രകടനം കാഴ്ച്ചവെച്ചതാണ് ഇര്‍ഫാന് തിരിച്ചടിയായത്. കഴിഞ്ഞ രഞ്ജി സീസണില്‍ ബറോഡ ക്രിക്കറ്റ് ടീമില്‍ നിന്നും രണ്ട് മത്സരത്തിന് ശേഷം അജ്ഞാത കാരണം കൊണ്ട് ഇര്‍ഫാനെ ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് ഐപിഎല്‍ ടീമുകളെല്ലാം ഉറ്റുനോക്കിയ സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇര്‍ഫാന് ബറോഡ ടീം അവസരം നല്‍കിയിരുന്നില്ല. ഇതോടെ ഇര്‍ഫാന്റെ ഐപിഎല്‍ സാധ്യത ഏതാണ്ട് അവസാച്ചതായി വിലയിരുത്തപ്പെട്ടിരുന്നു.

ഐപിഎല്ലില്‍ 103 മത്സരം കളിച്ചിട്ടുളള ഈ ഓള്‍റൗണ്ടര്‍ 1139 റണ്‍സും 80 വിക്കറ്റും സ്വന്തമാക്കിയിരുന്നു. കിംഗ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ്, സണ്‍റൈസസ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റൈസിംഗ് പൂണെ സൂപ്പര്‍ ജൈന്റ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നിവയാണ് ഇര്‍ഫാന്‍ മുമ്പ് കളിച്ച ഐപിഎല്‍ ടീമുകള്‍.

കഴിഞ്ഞ വര്‍ഷം താരലേലത്തിലൂടെയല്ലാതെ ഗുജറാത്ത് ലയണ്‍സിലെത്തിയ ഇര്‍ഫാന് ഒരു മത്സരം മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ഇന്ത്യയ്ക്കായി 120 ഏകദിനവും 29 ടെസ്റ്റും 24 ടി20യും കളിച്ചിട്ടുളള ഇര്‍ഫാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്നൂറിലധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.