അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്റെ ശിഷ്യഗണം ഫൈനലില്‍; പാകിസ്താനെ തകര്‍ത്തത് 203 റണ്‍സിന്

പാകിസ്താനെ നിലം തൊടിക്കാതെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ ചുണക്കുട്ടികള്‍. സെമിഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനെ 203 റണ്‍സി തകര്‍ത്ത് ടീം ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനല്‍ കടന്നു. ഇന്ത്യ മുന്നോട്ടുവെച്ച 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 29.2 ഓവറിനുള്ളില്‍ 69 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ്ങിന് മുന്നില്‍ പാക്‌സ്താന്‍ നിര ചീട്ട്‌കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

തകര്‍ച്ചയോടെ തന്നെയാണ് പാകിസ്താന്‍ തുടങ്ങിയത്. 10 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോല്‍ തന്നെ ആദ്യ വിക്കറ്റ് കൊഴിഞ്ഞു. പിന്നെ അങ്ങോട്ട് പവനിയില്‍ തിരിച്ചെത്താനുള്ള പാകിസ്താന്‍ കുട്ടികള്‍ മത്സരിച്ചപ്പോല്‍ മറുപടി 69 റണ്‍സിലൊതുങ്ങി. 18 റണ്‍സെടുത്ത റൊഹെയ്ല്‍ നാസിറാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. എട്ടു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ആറു ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇഷാം പോറെലായിരുന്നു ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ശിവ സിങ്ങും റിയാന്‍ പരംഗും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ സെഞ്ചുറി നേടിയ ശുഭം ഗില്ലിന്റെ മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ് നേട്ടം.  ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പൃഥ്വി ഷായും മഞ്ജോത് കൈറയും ചേര്‍ന്ന് നല്‍കിയത്. 41 റണ്‍സടുത്ത് നില്‍ക്കവേ പൃഥ്വി ഷാ റണ്‍ഔട്ടായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നാലെ 47 റണ്‍സോടെ കൈറയും മടങ്ങി. ഒരു വശത്ത് വിക്കറ്റ് പൊഴിഞ്ഞു കൊണ്ടിരുന്നപ്പോള്‍ മറുവശത്ത് ശുഭം ഗില്‍ പൊരുതി നിന്നു. 33 റണ്‍സെടുത്ത് അങ്കുല്‍ റോയിയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

10 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് മൂസയും 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷാദ് ഇഖബാലുമാണ് പാകിസ്താന്‍ ബോളിങ്ങ് നിരയില്‍ തിളങ്ങിയത്.