അഫ്ഗാനെ കൊതിപ്പിച്ച് പറ്റിച്ച് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് സെമിയില്‍

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയെങ്കിലും ലോവര്‍ ഓര്‍ഡറിന്റെ മികച്ച പ്രകടനം രക്ഷിക്കുകയായിരുന്നു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നാലിന് 259. ഇന്ത്യ 48.2 ഓവറില്‍ ആറിന് 262.

ഓപ്പണര്‍ ഹര്‍നൂര്‍ സിങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 74 ബോളുകളില്‍ നിന്നും ഒമ്പത് ബൗണ്ടറികളോടെ താരം 65 റണ്‍സ് നേടി. രാജ് ബവ (43*), കൗശല്‍ താംബെ (35*), രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (35), നായകന്‍ യഷ് ധൂല്‍ (26) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Image

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട അഫ്ഗാനെ രണ്ടു മധ്യനിര ബാറ്റര്‍മാരുടെ ഫിഫ്റ്റികളാണ് മികച്ച ടോട്ടലിലെത്തിച്ചത്. പുറത്താവാതെ 86 റണ്‍സെടുത്ത ഇജാസ് അഹമ്മദാണ് ടീമിന്റെ ടോപ്സ്‌കോറര്‍. നായകന്‍ സുലൈമാന്‍ സാഫി 73 റണ്‍സെടുത്തു.

Image

മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റോടെ ഗ്രൂപ്പിലെ റണ്ണറപ്പായാണ് ഇന്ത്യ സെമിയിലെത്തിയത്. കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച പാകിസ്ഥാനാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. പാകിസ്ഥാനെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്.