രണ്ട് പാക് സൂപ്പര്‍ താരങ്ങള്‍ക്ക് പനി; സെമി ഫൈനല്‍ നഷ്ടമായേക്കും

്ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് തയാറെടുക്കുന്ന പാകിസ്ഥാന് തിരിച്ചടിയായി ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെയും മധ്യനിരയിലെ പരിചയസമ്പന്നന്‍ ഷൊയ്ബ് മാലിക്കിന്റെയും ആരോഗ്യസ്ഥിതി. പനി ബാധിച്ച ഇരുവരും ഇന്നത്തെ സെമിയില്‍ കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പാക് ടീമിന് അത് കനത്ത തിരിച്ചടിയാവും.

ഇന്നലെ രാവിലെയാണ് റിസ്വാനും മാലിക്കിനും പനി അനുഭവപ്പെട്ടത്. പരിശോധനയില്‍ രണ്ടു പേര്‍ക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായി. എങ്കിലും പരീശിലനം വൈകിപ്പിക്കാന്‍ റിസ്വാനോടും മാലിക്കിനോടും ടീം മാനെജ്‌മെന്റ് നിര്‍ദേശിച്ചു. പിന്നീട് റിസ്വാനും മാലിക്കും പരിശീലനം പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.

സെമി ഫൈനലിന് മണിക്കൂറുകള്‍ക്ക് മുന്‍പ് രണ്ട് സുപ്രധാന താരങ്ങളെ ഒഴിവാക്കേണ്ടിവന്നാല്‍ പാക് ടീമിന്റെ സംതുലിതാവസ്ഥയെ അതു സാരമായി ബാധിക്കും. ലോക കപ്പിലെ പാക് മുന്നേറ്റത്തില്‍ നിര്‍ണായക സംഭാവന നല്‍കിയവരാണ് റിസ്വാനും മാലിക്കും. റിസ്വാനു പകരം വിക്കറ്റ് കീപ്പറായി മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെയും ഷൊയ്ബ് മാലിക്കിന്റെ സ്ഥാനത്ത് ഹൈദര്‍ അലിയെയും കളിപ്പിക്കുകയാണ് പാകിസ്ഥാന് മുന്നിലെ പോംവഴി.