'സെലക്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു'; രാഹുലിനെതിരെ ബിസിസിഐ ഉന്നതന്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ച് സൂപ്പര്‍ താരം പുറത്തായിരിക്കുകയാണ്. പരുക്കിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിന് മൂന്നാം ടെസ്റ്റ് നഷ്ടമാകും. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്. പകരം കര്‍ണാടകയുടെ ഇടംകൈയയ്യന്‍ ബാറ്ററും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തി.

രണ്ടാം ടെസ്റ്റിലും പരിക്കിനെ തുടര്‍ന്ന് പുറത്തിരുന്ന രാഹുലിനെ ഫിറ്റാണെന്ന് കരുതി അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നു. രാഹുല്‍ 90 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്തെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. എന്നാലിപ്പോള്‍ താരത്തിന് മൂന്നാം ടെസ്റ്റില്‍നിന്നും മാറി നില്‍ക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയരുകയാണ്.

ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ രാഹുല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെ രാഹുല്‍ മൂന്നാം ടെസ്റ്റിനുണ്ടാവും എന്ന് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍ ആ ചിന്ത പാഴായി പോയി.

ഇതിന് പിന്നാലെ താരത്തിനെ ഗുരുതര ആരോപണവുമായി ഒരു ബിസിസിഐ വൃത്തം രംഗത്തുവന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കില്‍ എന്തിനാണ് അത്തരം ഒരു വീഡിയോ പങ്കുവെച്ച് രാഹുല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ബിസിസിഐ ഉന്നതന്‍ ചോദിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.