അടുത്ത ലേലത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് പുറത്താക്കേണ്ടവരില്‍ ആദ്യത്തെ പേര് പറഞ്ഞ് ഹൈദരാബാദ് മുന്‍കോച്ച് ടോം മൂഡി. ഐപിഎലില്‍ ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് സിഎസ്‌കെ കാഴ്ചവച്ചത്. റിതുരാജ് ഗെയ്ക്‌വാദിന് പകരം ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും അദ്ദേഹത്തിനും ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാനായില്ല. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈക്ക് ഈ സീസണ്‍ അത്ര നല്ല ഓര്‍മകളല്ല സമ്മാനിച്ചത്. കഴിഞ്ഞ ലേലത്തില്‍ ടീമിലെടുത്ത താരങ്ങളില്‍ ചിലര്‍ അവസരത്തിനൊത്ത് ഉയരാത്തത് ടീമിനെ കാര്യമായി ബാധിച്ചിരുന്നു.
അടുത്ത വര്‍ഷം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ടോം മൂഡി നിര്‍ദേശിച്ചത്. 9.75 കോടിക്ക് ടീമിലെടുത്ത താരത്തില്‍ നിന്നും ഇത്തവണ ഇംപാക്ടുളള ബോളിങ് പ്രകടനമൊന്നും വന്നിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വിനെ സിഎസ്‌കെ വീണ്ടും ടീമിലെടുത്തത്.
“സിഎസ്‌കെ അശ്വിനെ കളിപ്പിക്കുന്നതിന് പിന്നിലെ ഫിലോസഫി എനിക്ക് മനസ്സിലാകും, കാരണം അവര്‍ എല്ലായ്‌പ്പോഴും തെളിയിക്കപ്പെട്ടതും പക്വതയുള്ളതുമായ കളിക്കാരെയാണ് തിരഞ്ഞെടുത്തത്, ഐപിഎലില്‍ എല്ലാക്കാലത്തും ആ ഫിലോസഫി അവര്‍ക്ക് വര്‍ക്ക് ആയിട്ടുണ്ട്. എന്നാല്‍ അടുത്ത തവണ നിങ്ങള്‍ക്ക് ഫണ്ട് കുറയ്ക്കാന്‍ റിലീസ് ചെയ്യേണ്ടിവരുകയാണെങ്കില്‍, അത് അശ്വിനെ തന്നെയായിരിക്കും”.
“ലേലത്തില്‍ ഏകദേശം 10 കോടി രൂപയ്ക്കാണ് അശ്വിനെ എടുത്തത്. എന്നാല്‍ അവസാന പതിനൊന്നില്‍ ഇടം ഉറപ്പില്ലാത്ത ഒരാള്‍ക്ക് അത് വളരെ വലിയ തുകയാണ്. അതിനാല്‍ മാനേജ്‌മെന്റിന് അദ്ദേഹവുമായി ഒരു ബുദ്ധിമുട്ടുള്ള സംഭാഷണം നടത്തേണ്ടി വന്നേക്കാം”, ടോം മൂഡി കുറിച്ചു.