ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.
56 പന്തുകളിൽ 15 ഫോറുകളും 4 സിക്‌സും അടക്കം 115* റൺസ് നേടി സെഞ്ചുറി തികച്ചു. നാളുകൾ ഏറെയായി മോശം ഫോമിൽ നിന്ന സഞ്ജുവിന്റെ തിരിച്ച് വരവിൽ ആരാധകർ ഡബിൾ ഹാപ്പിയാണ്. അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്രെയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 36 പന്തില്‍ 59 റൺസെടുത്താണ് ആയുഷ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ (10 പന്തില്‍ 20) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു.
ചെന്നൈയുടെ വിജയത്തിന് വഴിയൊരുക്കിയ അപരാജിത സെഞ്ച്വറിക്ക് ശേഷമുള്ള സഞ്ജുവിന്റെ സെലിബ്രേഷനും വൈറലായിരുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സ്റ്റൈലിൽ സല്യൂട്ട് അടിച്ച് സെഞ്ച്വറി ആഘോഷിച്ചാണ് സഞ്ജു ചെന്നൈയുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. ഇപ്പോഴിതാ മത്സരശേഷം ആ വൈറൽ സെലിബ്രേഷന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനാണ് സഞ്ജു ആ സല്യൂട്ട് സമർപ്പിച്ചിരിക്കുന്നത്.
Read more
‘ആ സല്യൂട്ട് കോച്ച് ഫ്ലെമിങ്ങിനുള്ളതാണ്. അഞ്ച് വർഷങ്ങളായി ഒരു ഫ്രാഞ്ചൈസിയെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലെ മാനസികമായ വെല്ലുവിളികള്‍ എനിക്കറിയാം. അതുകൊണ്ടുതന്നെ ഈ സെഞ്ച്വറി കോച്ചിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു’, സഞ്ജു മത്സരശേഷം പറഞ്ഞു.







