അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ പൂർണാധിപത്യമാണ് ഇപ്പോൾ കാഴ്ച വെക്കുന്നത്. പുരുഷ ടീം മാത്രമല്ല, വനിതാ ക്രിക്കറ്റിലും അവർ മികച്ച നേട്ടങ്ങൾ ഇന്ത്യക്കായി നേടുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യം ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ രോഹിത് ശര്‍മ.
’കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മളുടെ നേട്ടങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുകയാണ്. മികച്ച പ്രകടനവുമായാണ് നമ്മൾ ഈ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. പുരുഷ ടീം മാത്രമല്ല, മുംബൈയിൽ ലോകകപ്പ് നേടിയ വനിതാ ടീമിന്റെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു. അടുത്തിടെ ടി20 ലോകകപ്പിൽ പുരുഷ ടീം കാഴ്ചവെച്ച പ്രകടനം സമാനതകളില്ലാത്തതാണെന്നും ഈ വിജയക്കുതിപ്പ് തുടരുന്നതിനായി ടീമുകൾ കൂടുതൽ ആവേശത്തോടെ മുന്നോട്ട് പോകണം’, അദ്ദേഹം നിർദ്ദേശിച്ചു.
Read more
’ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇവിടെ ഇനി നമുക്ക് പിന്നോട്ട് നോക്കേണ്ട സാഹചര്യമില്ല. ക്രിക്കറ്റിൽ നമ്മൾ എപ്പോഴും വേഗതയെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോൾ പുരുഷ-വനിതാ ടീമുകൾക്ക് ആ വേഗത ലഭിച്ചിട്ടുണ്ട്. ഇത് നിലനിർത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, രോഹിത് ശർമ കൂട്ടിച്ചേർത്തു.







