ഇത് എനിക്ക് അനുവദിക്കാനാവില്ല; വിജയത്തിലും അതൃപ്തി പരസ്യമാക്കി ഹാര്‍ദ്ദിക്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് ആഘോഷിച്ചത്. എന്നാല്‍ ടീമിന്റെ വിജയത്തിനിടയിലും നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അത്ര സന്തുഷ്ടനല്ല. അവസാന ഓവറിന് വളരെ മുമ്പേ ടീം ലക്ഷ്യം പിന്തുടരേണ്ടതായിരുന്നുവെന്ന് താരം പറഞ്ഞു.

വളരെ സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങള്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ജയം അവസാന ഓവറിലേക്ക് വരെ പോയതില്‍ ഞാന്‍ തൃപ്തനല്ല. തീര്‍ച്ചയായും ഈ ഗെയിമില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. അതാണ് സ്പോര്‍ട്സിന്റെ സൗന്ദര്യം, കളി അവസാനിക്കുന്നതുവരെ അത് അവസാനിക്കില്ല.

നമുക്ക് ഡ്രോയിംഗ് ബോര്‍ഡിലേക്ക് തിരികെ പോകേണ്ടതുണ്ട്. അവര്‍ നന്നായി പന്തെറിഞ്ഞു. ഭാഗ്യവശാല്‍ ഞങ്ങളുടെ എല്ലാ ബാറ്റര്‍മാരും നല്ല ഫോമിലാണ്. മധ്യ ഓവറുകളില്‍ നമ്മള്‍ റിസ്‌ക് എടുക്കുകയും ഷോട്ടുകള്‍ കളിക്കുകയും വേണം. കളി അവസാന ഓവറിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്- പാണ്ഡ്യ മത്സരത്തിന് ശേഷം പറഞ്ഞു.

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഐപിഎല്‍ കളിച്ച വെറ്ററന്‍ പേസര്‍ മോഹിത് ശര്‍മയെയും നായകന്‍ പ്രശംസിച്ചു. 2022 ല്‍, അദ്ദേഹം ഒരു നെറ്റ് ബോളറായി ടീമിന്റെ ഭാഗമായിരുന്നു, എന്നാല്‍ 2023 സീസണില്‍, നിലവിലെ ചാമ്പ്യന്‍മാര്‍ ലേലത്തില്‍ അദ്ദേഹത്തെ സ്വന്തമാക്കി. ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ മോഹിത് നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.