പ്രതികാര ദാഹത്തോടെ അവര്‍ തിരിച്ചുവരും; വിലയിരുത്തലുമായി ബ്രാഡ് ഹോഗ്

ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെന്ന് ഹോഗ് ചൂണ്ടിക്കാട്ടി.

അവസാന ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ അത്ര നന്നായി പന്തെറിഞ്ഞതായി ഞാന്‍ കരുതുന്നില്ല. അവര്‍ വളരെ പിന്നോട്ടുപോയി. പ്രത്യേകിച്ച് ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുമ്പോള്‍. എന്നാല്‍ വരുന്ന കളിയില്‍ അവര്‍ പ്രതികാരത്തോടെ തിരിച്ചുവരും. അഹമ്മദാബാദില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നിന്ന് മികച്ച പ്രകടനം ഞാന്‍ പ്രതീക്ഷിക്കുന്നു- ഹോഗ് പറഞ്ഞു.

ഈ ടെസ്റ്റ് മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ ഒരിക്കല്‍ കൂടി തിളങ്ങുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയ്ക്ക് വേണ്ടി അവന്‍ ഒരു ബാഗ് വിക്കറ്റ് വീഴ്ത്തും. രവീന്ദ്ര ജഡേജയെയും രവിചന്ദ്രന്‍ അശ്വിനെയും അദ്ദേഹം മറികടക്കും- ഹോഗ് കൂട്ടിച്ചേര്‍ത്തു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവലസാനത്തെയും ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നത്.