സീസണ്‍ മുഴുവന്‍ ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കും; ആര്‍.സി.ബിയുടെ ടീം തന്ത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സഹീര്‍ ഖാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിന് ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് ആ പ്രകടനം മികച്ച രീതിയില്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ ടീമിന് ആകുന്നില്ല. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ടീം രണ്ട് തവണ വിജയിക്കുകയും മൂന്ന് തവണ തോല്‍ക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് ഓര്‍ഡര്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ടീമിന്റെ ബാറ്റിംഗ് നിരയിലെ ഒരു പ്രധാന പോരായ്മ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന് ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂര്‍ണമെന്റിലുടനീളം ആര്‍സിബിയ്ക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമെന്ന് താരം അഭിപ്രായപ്പെട്ടു.

ഫാഫും മാക്‌സും ബാറ്റ് ചെയ്ത രീതി, പ്രത്യേകിച്ച് വിരാട് കോഹ്ലി നേരത്തെ പുറത്തായതോടെ, അവര്‍ നേരിട്ട സമ്മര്‍ദ്ദം മനസ്സിലാക്കുന്നു. ദിനേശ് കാര്‍ത്തിക്കിന് മധ്യനിരയിലോ ഫിനിഷിംഗിലോ മുമ്പ് കളിച്ചത് പോലെ പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. ബാക്കിയുള്ളവര്‍ അനുഭവപരിചയമില്ലാത്തവരായതിനാല്‍ ഈ സീസണ്‍ മുഴുവന്‍ ഈ പ്രശ്‌നം തുടരും- സഹീര്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച്ച ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടിയപ്പോള്‍ മറ്റൊരു അവസാന ഓവര്‍ ത്രില്ലറിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഡെവണ്‍ കോണ്‍വെ (45 പന്തില്‍ 83), അജിങ്ക്യ രഹാനെ, ശിവം ദുബെ (27 പന്തില്‍ 52) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 226/6 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്.

രണ്ടാം ഇന്നിംഗ്‌സില്‍, വിരാട് കോഹ്ലി നേരത്തെ പോയതിന് ശേഷം ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്വെല്ലും ആര്‍സിബിക്ക് മികച്ച തുടക്കം നല്‍കി. ഡു പ്ലെസിസ് 33 പന്തില്‍ 62 ഉം മാക്സ് വെല്‍ 36 പന്തില്‍ 76 ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 12 സിക്സറുകള്‍ പറത്തി. എന്നിരുന്നാലും, അവര്‍ പുറത്തായതിന് ശേഷം ആര്‍ക്കും അസാമാന്യ പ്രകടനം പുറത്തെടുക്കാനായില്ല. ഒടുവില്‍ 20 ഓവറില്‍ 218/8 എന്ന നിലയില്‍ ആര്‍സിബിയെ ഒതുക്കിയ സിഎസ്‌കെ 8 റണ്‍സിന് വിജയിച്ചു.