ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല ഒരിക്കലും, ഹാര്‍ദ്ദിക്കിനെ പഴയതൊന്ന് ഓര്‍മ്മിപ്പിച്ച് ക്രിക്കറ്റ് ലോകം

വിന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ തിലക് വര്‍മയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നേടാനുള്ള അവസരം നിഷേധിച്ച ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പഴയതൊന്ന് ഓര്‍മിപ്പിച്ച് ആരാധകര്‍. 2014 ല്‍ വിരാട് കോഹ്‌ലിക്കായി അന്നത്തെ നായകന്‍ എംഎസ് ധോണി ചെയ്ത കാര്യമാണ് ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ 2014ല്‍ നടന്ന ടി20 മത്സരത്തിലായിരുന്നു ധോണി വിജയ റണ്‍ എടുക്കാന്‍ അവസരമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് കോഹ്‌ലിയെക്കൊണ്ട് കളി ഫിനിഷ് ചെയ്യിച്ചത്. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ പത്തൊമ്പതാം ഓവറില്‍ പ്രതിരോധിച്ചു നിന്ന ധോണി ആ മത്സരത്തില്‍ 43 പന്തില്‍ 68 റണ്‍സുമായി ടീമിന്റെ ജയത്തിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ കോഹ്‌ലിക്ക് കളി ഫിനിഷ് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. സഹതാരങ്ങളെ എങ്ങനെയാണ് ഒരു ക്യാപ്റ്റന്‍ പ്രോത്സാഹിപ്പിക്കേണ്ടത് എന്നതിന് മാതൃകയായാണ് ഇതിനെ വാഴ്ത്തപ്പെടുന്നത്.

എന്നാല്‍ ഇതിന് നേര്‍ വിപരീതമായ ഒരു സംഭവത്തിനാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. യുവതാരം തിലക് വര്‍മക്ക് ഫിഫ്റ്റി നിഷേധിച്ച ഹാര്‍ദ്ദിക്കിന്റെ വിജയ സിക്‌സറാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ജയിക്കാന്‍ അവസാനത്തെ 14 ബോളില്‍ രണ്ടു റണ്‍സ് മാത്രം വേണമെന്നിരിക്കെ ഹാര്‍ദ്ദിക് സിക്സറിലൂടെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ക്രീസിന്റെ മറുഭാഗത്തു തിലക് 49 റണ്‍സുമായി നില്‍ക്കവെയായിരുന്നു ഹാര്‍ദ്ദിക് ഇങ്ങനെയൊരു ഷോട്ടിനു മുതിര്‍ന്നത്.

റൊവ്മാന്‍ പവല്‍ പതിനെട്ടാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ ആറ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാലു പന്തുകളില്‍ ഹാര്‍ദ്ദിക്കും തിലകും സിംഗിളുകള്‍ ഓടിയെടുത്തു. ഇതോടെ ലക്ഷ്യം രണ്ട് റണ്‍സായി. തിലക് വര്‍മ 49 റണ്‍സുമായി മറുവശത്ത് പുറത്താകാതെ നില്‍ക്കുമ്പോള്‍ അഞ്ചാം പന്ത് സിക്‌സിന് പറത്തി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിന് ജയം സമ്മാനിച്ചു.

 ക്യാപ്റ്റന്‍സിയിലും പെരുമാറ്റത്തിലുമെല്ലാം ധോണിയാവാന്‍ ശ്രമിക്കുന്ന പാണ്ഡ്യ സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യുന്നതിലും ധോണി സ്‌റ്റൈല്‍ ആവര്‍ത്തിച്ചെങ്കിലും ആരാധകര്‍ക്ക് അത് തീരെ പിടിച്ചിട്ടില്ല. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണ് കരിയറിലെ മൂന്നാമത്തെ മാത്രം മല്‍സരം കളിച്ച താരത്തിനു നഷ്ടമായത്.