ഇന്ത്യ-പാക് ഫൈനലുണ്ടാവില്ല, കലാശപ്പോരിന് അഫ്ഗാനിസ്ഥാന്‍ ഉണ്ടാകും: വിജയിയെ പ്രവചിച്ച് നാസര്‍ ഹുസൈന്‍

ഏഷ്യാകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം സംഭവിക്കില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യ കിരീടം നേടില്ലെന്നാണ് ഹുസൈന്റെ പ്രവചനം. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ആയിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക എന്നും കിരീടം പാകിസ്ഥാന്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു.

ഏഷ്യാകപ്പ് സൂപ്പര്‍ 4 മത്സരങ്ങള്‍ക്കുള്ള ലൈനപ്പായി. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സൂപ്പര്‍ 4ല്‍ സ്ഥാനം പിടിക്കുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക മാറിയപ്പോള്‍ ഹോങ്കോങ്ങിനെതിരെ 155 റണ്‍സിന്റെ ജയത്തോടെ പാകിസ്ഥാന്‍ അവസാനമായി സ്ഥാനം ഉറപ്പിച്ചു. നേരത്തെ, ആദ്യം അഫ്ഗാനിസ്ഥാനം പിന്നാലെ ഇന്ത്യയും സൂപ്പര്‍ ഫോറില്‍ കടന്നിരുന്നു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരെ നേരിടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

സെപ്തംബര്‍ 4 ന് പാകിസ്ഥാനെതിരെയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ഗ്രൂപ്പ് എ ഏറ്റുമുട്ടലില്‍ ചിരവൈരികളെ പരാജയപ്പെടുത്തി ടി20 ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം ചെയ്ത ഇന്ത്യ നാളെയും ഇത് ആവര്‍ത്തിക്കാനാണ് ഇറങ്ങുന്നത്. എതിരാളികളായ പാക്കിസ്ഥാനെതിരെ മികച്ച ഫോം നിലനിര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം.

സെപ്തംബര്‍ 6 ന് ഇന്ത്യ ശ്രീലങ്കയുമായി കൊമ്പുകോര്‍ക്കും. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം 2022 ല്‍ ടി20 ഫോര്‍മാറ്റില്‍ ലങ്കക്കാരോട് തോറ്റിട്ടില്ല. കൂടാതെ, ദസുന്‍ ഷനക നയിക്കുന്ന ടീം വമ്പന്‍ ടീമുകള്‍ക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ തോറ്റിട്ടുമുണ്ട്.

അവസാന സൂപ്പര്‍-4 മത്സരത്തില്‍ ഇന്ത്യ സെപ്തംബര്‍ 8 ന് അഫ്ഗാനിസ്ഥാനുമായി കൊമ്പുകോര്‍ക്കും. 2022 ഏഷ്യാ കപ്പിന്റെ സൂപ്പര്‍-4 ഘട്ടത്തില്‍ ഇടം നേടിയ ആദ്യ ടീമാണ് അഫ്ഗാന്‍. മുഹമ്മദ് നബിയുടെ നേതൃത്വത്തിലുള്ള ടീം ഇതുവരെ ഒരു മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.