'ഒരു മാറ്റവുമില്ല, ഇത്തവണയും സഞ്ജു കെണിയിൽ വീണു'; തുറന്നടിച്ച് സുനിൽ ഗവാസ്കർ

ചെപ്പോക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ സിംബാവെയ്‌ക്കെതിരെ ഇന്ത്യക്ക് 72 റൺസിന്റെ ജയം. ഇതോടെ സെമി പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സിംബാവേ ടി 20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ബാറ്റ് വീശിയ എല്ലാ താരങ്ങളും വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കമാണ് ടീമിനായി നൽകിയത്. 15 പന്തിൽ 2 സിക്‌സും ഒരു ഫോറും അടക്കം 24 റൺസായിരുന്നു താരത്തിന്റെ സംഭാവന. എന്നാൽ അധിക നേരം ആ മികവ് തുടരാൻ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിന്റെ അശ്രദ്ധ തുറന്നുകാട്ടി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.

‘ ഇതേ രീതിയിൽ, ഇതേ മേഖലയിൽ അദ്ദേഹം ഒരുപാട് തവണ പുറത്തായിട്ടുണ്ട്. ഷോർട്ട് ബോളുകൾ എറിയുക, ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തു. സഞ്ജുവിനെതിരെ എല്ലാ ടീമുകൾക്കും കൃത്യമായ പ്ലാൻ ഉണ്ട്. ഇത്തവണയും ആ കെണിയിൽ സഞ്ജു വീണു. മുസർബാനിയുടെ ഉയരവും അതിലൂടെ ലഭിച്ച എക്സ്ട്രാ ബൗൺസും സഞ്ജുവിനെ കുഴക്കി’ ഗവാസ്കർ ചൂണ്ടിക്കാട്ടി.