ഇപ്പോൾ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.
ഫൈനലിൽ ഇന്ത്യൻ യുവ താരം വൈഭവ് സുര്യവൻഷിയുടെ തകർപ്പൻ സെഞ്ചുറിയിലാണ് 411 എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. 80 പന്തിൽ 15 ഫോറും 15 സിക്‌സും അടക്കം 175 റൺസാണ് താരം നേടിയത്. കൂടാതെ ആയുഷ് മാഹ്ത്രേ അർധ സെഞ്ചുറിയും, വിഹാർ മൽഹോത്ര, വിക്രാന്ത് ത്രിവേദി, അഭ്യാഗൻ കുണ്ടു, കനിഷ് ചൗഹാൻ എന്നിവർ ഭേദപ്പെട്ട പ്രകടനവും കാഴ്ച വെച്ചു.
വിജയത്തിൽ അതിനിർണായകമായ ഇന്നിങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ. താരത്തിന്റെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി എക്‌സിൽ കുറിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്.
Read more
‘വൈഭവ് സൂര്യവംശി, 80 പന്തിൽ 175 റൺസ്. 15 ഫോറുകളും 15 സിക്സറുകളും. ഫോറുകൾക്ക് തുല്യമായ സിക്സറുകളും. ഒരുപോലെയുള്ള സംഹാരതാണ്ഡവം. സൂര്യവംശി എന്നാൽ സൂര്യവംശത്തിൽ ജനിച്ചവൻ എന്നാണ് അർത്ഥം. ഇന്ന് അവൻ സൂര്യനെപ്പോലെയാണ് ബാറ്റ് ചെയ്തത്. ഇംഗ്ലണ്ട് ബോളർമാർ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചു. പക്ഷേ സൂര്യനെ ആർക്ക് തടയാനാകും! ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ച് കഴിഞ്ഞു. ഇത് ഭാവിയുടെ ഒരു സൂചനയാണ്’, സെവാഗ് കുറിച്ചു.







