ഈ കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു, അവരാണ് ഈ ലോകകപ്പിലെ ഹീറോസ്: വൈഭവ് സൂര്യവൻഷി

ഇപ്പോൾ നടന്ന അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.

ഫൈനലിൽ ഇന്ത്യൻ യുവ താരം വൈഭവ് സുര്യവൻഷിയുടെ തകർപ്പൻ സെഞ്ചുറിയിലാണ് 411 എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. 80 പന്തിൽ 15 ഫോറും 15 സിക്‌സും അടക്കം 175 റൺസാണ് താരം നേടിയത്. കൂടാതെ ആയുഷ് മാഹ്ത്രേ അർധ സെഞ്ചുറിയും, വിഹാർ മൽഹോത്ര, വിക്രാന്ത് ത്രിവേദി, അഭ്യാഗൻ കുണ്ടു, കനിഷ് ചൗഹാൻ എന്നിവർ ഭേദപ്പെട്ട പ്രകടനവും കാഴ്ച വെച്ചു.

ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായ ഇന്നി‌ങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

Read more

‘എനിക്ക് എന്താണ് തോന്നുന്നതെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ പുരസ്‌കാരങ്ങള്‍ ഞാൻ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 7-8 മാസമായി ടീമിലെ എല്ലാവരും കഠിനമായി അധ്വാനിക്കുകയാണ്. പരിശീലകര്‍ ഞങ്ങളുടെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഞങ്ങളില്‍ അനാവശ്യമായ സമ്മര്‍ദ്ദം ഞങ്ങള്‍ ചെലുത്തിയിരുന്നില്ല. കാര്യങ്ങള്‍ ലളിതമായി കാണാനാണ് ശ്രമിച്ചത്. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ പിന്തുടര്‍ന്ന അതേ ശൈലി തന്നെ ഫൈനലിലും തുടര്‍ന്നു’ വൈഭവ് പറഞ്ഞു.