ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡും, ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയും; വ്യത്യസ്ത അഭിപ്രായവുമായി കമ്മിന്‍സ്

ഫെബ്രുവരി 4 മുതല്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള എവേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക കഴി്ഞ്ഞ ദിവസം പ്രഖ്യാപിച്ചു. ശ്രദ്ധേയമായി, 15 അംഗ സ്‌ക്വാഡില്‍ ഏഴും അണ്‍ക്യാപ്ഡ് താരങ്ങളാണ്. അതില്‍തന്നെ അണ്‍ക്യാപ്പ് താരമായ നീല്‍ ബ്രാന്‍ഡാണ് പരമ്പരയിലെ ദക്ഷിണാഫ്രിക്കയുടെ നായകന്‍. ടെസ്റ്റ് ക്രിക്കറ്റിനെ കുട്ടിക്കളിയായി കാണുന്ന ദക്ഷിണാഫ്രിക്കയുടെ സമീപനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

പ്രമുഖ താരങ്ങളടക്കം ഇതിനെ വിമര്‍ശിച്ച് രംഗത്തുവന്നു. ഏറ്റവും ഒടുവിലായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. കടലാസിലെ ഏറ്റവും ശക്തമായ ദക്ഷിണാഫ്രിക്കന്‍ ടീമല്ല ഇതെന്ന് സമ്മതിച്ച കമ്മിന്‍സ് ഇതൊരു ഘട്ടം മാത്രമാണെന്നു പറഞ്ഞു.

ടി20 ക്രിക്കറ്റിന്റെ ജനപ്രീതിയെക്കുറിച്ച് എനിക്ക് ചില ആശങ്കകളുണ്ട്. എന്നാല്‍ അതേ സമയം, ആഗോളതലത്തില്‍ ഇതിന് കൂടുതല്‍ ആരാധകരുണ്ടായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍, കൂടുതല്‍ ആളുകള്‍ ഇത് കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മൊത്തത്തില്‍, ക്രിക്കറ്റ് എന്നത്തേക്കാളും ശക്തമാണ്.

അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ എല്ലായ്പ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്, പക്ഷേ അത് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി ഞാന്‍ കരുതുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീം അവരുടെ ഏറ്റവും ശക്തമായ ടീമിനെ അയയ്ക്കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ ഇത് ഒരു ഘട്ടം മാത്രമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ടെസ്റ്റ് സമ്മറിന് മുന്നോടിയായി, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളുടെ പ്രകടനത്തെ ചുറ്റിപ്പറ്റി ചില ചോദ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നു- കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.