നെതര്‍ലന്റിനെതിരേയുള്ള പരമ്പര പകരക്കാരെ വെച്ചു കളിപ്പിക്കും ; ന്യൂസിലന്റിന് എത്ര കളിക്കാരുണ്ടെങ്കിലും ഐപിഎല്ലിന് വിട്ടുനല്‍കും

ഈ മാസം അവസാനത്തോടെ തുടങ്ങാന്‍ പോകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ എടുത്തിട്ടുള്ള മുഴുവന്‍ ന്യുസിലാന്റ് താരങ്ങളും കളിക്കാനുണ്ടാകുമെന്ന് ടീമിന്റെ പരിശീലകന്‍. ഐപിഎല്‍ ടീമില്‍ കളിക്കുന്ന 12 താരങ്ങളെയും വിട്ടുകൊടുക്കുമെന്ന് ന്യൂസിലന്റ് ടീമിന്റെ ഹെഡ്‌കോച്ച് ഗാരി സ്‌റ്റെഡ് ആണ് വ്യക്തമാക്കിയിരിക്കുന്നത്.

കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, ആദം മില്‍നേ, ടിം സെയ്‌ഫെര്‍ട്ട്, ജെയിംസ് നീഷാം, ഫിന്‍ അലന്‍, ഗ്്്‌ളെന്‍ ഫിലിപ്‌സ് എന്നിവരാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 ലേക്ക് ഫ്രാഞ്ചൈസികള്‍ കരാറിലാക്കിയിരിക്കുന്ന താരങ്ങള്‍.

ഇതോടെ നെതലന്റിനെതിരേയുള്ള പരമ്പരയില്‍ ന്യൂസിലന്റിന്റെ പകരക്കാരായ താരങ്ങളെ ഇറക്കേണ്ട സ്ഥിതിയിലാണ് ന്യൂസിലന്റ്. ഐപില്ലിന്റെ ആദ്യ സ്‌റ്റേജിലാണ് ഈ പരമ്പര നടക്കുന്നത്. അതേസമയം ഇതിനെ ഒരു അവസരമാക്കി മാറ്റാനാണ് ഗാരി സ്‌റ്റെഡിന്റെ നീക്കം. ഭാവിയില്‍ പലതരത്തിലുള്ള ലോകകപ്പ് ലക്ഷ്യമിട്ട് ഒരു ടീമിനെ ഒരുക്കുമ്പോള്‍ അത് ആഴത്തിലുള്ളതാക്കാന്‍ ഇത്തരം അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായമാണ് ഗാരി സ്‌റ്റെഡ് ഉയര്‍ത്തുന്നത്.

അതേസമയം ജൂണ്‍ 2 ന് ഇംഗ്‌ളണ്ടിനെതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ കളിക്കാര്‍ പങ്കെടുക്കുമെന്നാണ് നേരത്തേ സ്‌റ്റെഡ് പറഞ്ഞത്. പക്ഷേ ഇതൊരു വലിയ പ്രശ്‌നം കൂടിയായി കളിക്കാര്‍ക്ക് മാറുമെന്നും കരുതുന്നു. വെള്ളപ്പന്തില്‍ നിന്നും ചുവന്ന പന്തിലേക്കുള്ള മാറ്റം വലിയ വെല്ലുവിളിയായിരിക്കുമെന്നും താരം പറയുന്നു.