ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയ കളിക്കാരില്‍ ഒരാളാണ് ഇഷാന്‍ കിഷന്‍. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐയും ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും നിര്‍ദ്ദേശിച്ചിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അത് കേള്‍ക്കാെത ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാതെ പരിശീലനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ഇഷാന്റെ തീരുമാനത്തെ വിമര്‍ശകര്‍ ചോദ്യം ചെയ്യുമ്പോള്‍, കളിക്കാരന്റെ മാനസികാവസ്ഥയ്ക്ക് പിന്നിലെ കാരണം എന്താണ് എന്നത് സംബന്ധിച്ച് പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, യുവ വിക്കറ്റ് കീപ്പര്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടേറ്റ തോല്‍വിയാണെന്നാണ്.

ലോകകപ്പ് ഫൈനലിലെ തോല്‍വി ഇഷാന്‍ കിഷനെ മാനസികമായി തകര്‍ത്തുവെന്നും അതിനുശേഷം വിശ്രമം ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റ് അത് അനുവദിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയില്‍ ഇഷാന്‍ കിഷന്‍ തകര്‍ന്നു. അയാള്‍ക്ക് ഉടനടി ഒരു ഇടവേള വേണമായിരുന്നു, പക്ഷേ അത് നേടാനായില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് താരത്തിന് ഒടുവില്‍ ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കാനും പുനരുജ്ജീവിപ്പിക്കാന്‍ സമയവും ഇടവും ലഭ്യമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.