ഇന്ത്യന്‍ ടീമിന്‍റെ തലപ്പത്ത് അഴിച്ചുപണി, ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഇന്ത്യയ്ക്ക് പുതിയ പരിശീലകന്‍, വരുന്നത് മുന്‍ താരം!

വരുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ തിരിക്കുക പുതിയ പരിശീലകന്‍റെ കീഴിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മുഖ്യ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ അവസാന മത്സരമായിരുന്നു ലോകകപ്പ് ഫൈനല്‍. ലോകകപ്പോടെ രണ്ടുവര്‍ഷത്തെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചു.

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒന്നിലധികം ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം ബിസിസിഐയെയും അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സമയ പരിശീലകനായി തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.

20 വര്‍ഷത്തോളം ഇന്ത്യന്‍ ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഇത് വീണ്ടും ചെയ്യുന്നു, പക്ഷേ ഇനിയും ഇത് തുടരാന്‍ ദ്രാവിഡ് ആഗ്രഹിക്കുന്നില്ല. ജന്മനാടായ ബെംഗളൂരുവിലെ എന്‍സിഎയുടെ തലവന്‍ സ്ഥാനത്തേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ദ്രാവിഡ്. അതേസമയം മുമ്പത്തെപ്പോലെ, തിരഞ്ഞെടുത്ത അവസരങ്ങളില്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്നമില്ല. പക്ഷേ മുഴുവന്‍ സമയ പരിശീലകനാകില്ല.

ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിന്റെ സ്ഥാനം അദ്ദേഹത്തിന്റെ മുന്‍ ബാറ്റിംഗ് പങ്കാളിയും അടുത്ത സുഹൃത്തുമായ വിവിഎസ് ലക്ഷ്മണിലേക്കാണ് നീളുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ എന്‍സിഎ മേധാവി ലക്ഷ്മണാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോള്‍ ചെയ്യുന്നത്. ഇതിനുമുമ്പ്, ദ്രാവിഡിന്റെ അഭാവത്തില്‍ അദ്ദേഹം നിരവധി തവണ ഹെഡ് കോച്ചിന്റെ റോള്‍ ചെയ്തിട്ടുണ്ട്.

‘ലക്ഷ്മണ്‍ സ്ഥിരം പരിശീലകനാകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ലോകകപ്പിനിടെ ലക്ഷ്മണ്‍ ബിസിസിഐ ഉന്നത ഉദ്യോഗസ്ഥരെ കാണാന്‍ അഹമ്മദാബാദിലെത്തിയിരുന്നു. ടീം ഇന്ത്യയുടെ പരിശീലകനായി അദ്ദേഹത്തിന് ദീര്‍ഘകാലം കരാര്‍ ലഭിക്കാനാണ് സാധ്യത. അടുത്ത മാസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം സ്ഥിരം പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ പര്യടനമായിരിക്കും- ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read more

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബറിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. ഈ പര്യടനത്തില്‍, ടീം ഇന്ത്യ 3 ടി20കളും 3 ഏകദിനങ്ങളും 2 ടെസ്റ്റ് പരമ്പരകളും കളിക്കും. ടി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ ടി20 മത്സരം ഡിസംബര്‍ 10ന് ഡര്‍ബനില്‍ നടക്കും. ഏകദിന പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും. ആദ്യ ഏകദിനം ജോഹന്നാസ്ബര്‍ഗില്‍ നടക്കും.