വരാനിരിക്കുന്ന ഒരുപാട് മികച്ച ഇന്നിങ്‌സുകളുടെ ആരംഭം, നിരാശപെടുത്തിയെങ്കിലും പന്തിന്റെ മടങ്ങിവരവ് ആഘോഷിച്ച് ആരാധകർ; ചെക്കൻ നൽകിയത് സൂചന തന്നെ

ശനിയാഴ്ച ചണ്ഡീഗഡിൽ പഞ്ചാബ് കിംഗ്‌സിനെതിരായ ഡൽഹി ക്യാപിറ്റൽസ് ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗിന് ഇറങ്ങിയപ്പോൾ എല്ലാ കണ്ണുകളും ഡൽഹി നായകൻ ഋഷഭ് പന്തിന്റെ നേർക്ക് ആയിരുന്നു. മികച്ച തുടക്കം നൽകി ഓപ്പണർമാർ രണ്ടുപേരും മടങ്ങിയ ശേഷമായിരുന്നു പന്തിന്റെ മാസ് എൻട്രി. വളരെ പതുക്കെ തുടങ്ങിയ ഋഷഭ് പന്ത് കുറച്ചുസമയത്തിന് ശേഷം പഴയ പോലെ തന്നെ ട്രാക്കിലായി. അതിനിടയിൽ രാഹുൽ ചാഹറിന്റെ ഓവറിൽ പന്തിന്റെ ക്യാച്ച് എടുക്കാനുള്ള അവസരം ഹർഷൽ പട്ടേൽ നഷ്ടപ്പെടുത്തുകയും ചെയ്തു.

കുറച്ചുസമയത്തിന് ശേഷം തന്നെ ആരാധകർക്ക് ഏറെ സന്തോഷം നൽകി രണ്ട് തകർപ്പൻ ബൗണ്ടറികൾ പന്ത് നേടുകയും ചെയ്തു. ചെക്കൻ പഴയത് പോലെ തന്നെ ട്രാക്കിൽ ആണെന്ന് വിശ്വസിച്ച സമയത്തായിരുന്നു അമിതാവേശത്തിലൂടെ താരത്തിന്റെ പുറത്താക്കൽ. അനാവശ്യമായ ഒരു ഷോട്ടിന് ശ്രമിച്ച താരത്തെ ഹർഷൽ പട്ടേൽ പുറത്താക്കി. ബാക്വെർഡ് പോയിന്റിൽ ബെയർസ്റ്റോ ക്യാച്ച് എടുത്ത് പുറത്താകുമ്പോൾ പന്ത് 13 പന്തിൽ 18 റൺ നേടിയിരുന്നു.

വാഹനാപകടത്തിന്റെ ബുദ്ധിമുട്ടിനെ താൻ അതിജീവിച്ചെന്നും പഴയത് പോലെ തന്നെ നല്ല സ്റ്റൈലായി കളിക്കാൻ പറ്റുമെന്നും ഈ ചെറിയ ഇന്നിംഗ്സിലൂടെ ആരാധകർക്ക് പന്ത് കാണിച്ചുകൊടുത്തിരിക്കുന്നു. റൺ എടുക്കുമ്പോൾ ഉള്ള രീതിയിൽ തന്നെ ആ ക്ലാസ് മികവ് കാണാമെന്നും ആരാധകർ പറയുന്നു, ഈ 18 റൺസ് വരാനിരിക്കുന്ന ഒരുപാട് റൺസിന്റെ സിംബൽ ആണെന്നും ഇതുവഴി നമുക്ക് മനസിലാകും.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ഇന്നിംഗ്സ് തുടക്കത്തിൽ മിന്നി നിന്നെങ്കിലും ശേഷം ഒന്ന് അണഞ്ഞു. എന്നാൽ അവസാന നിമിഷം ഇമ്പാക്ട് സബ് അഭിഷേക് പോറലിന്റെ മികവിൽ അടിച്ചുകൂട്ടിയത് 174 റൺസാണ്.