ആ താരമാണ് ഇപ്പോൾ ചെന്നൈയുടെ പതനത്തിന് കാരണം, അവനെ ഒഴിവാക്കണം: ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ഓപ്പണർ രച്ചിൻ രവീന്ദ്രയുടെ സമീപകാല മോശം ഫോമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര . ഐപിഎൽ 2024 ലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ പോരാട്ടത്തിലേക്ക് ചെന്നൈ ഇറങ്ങുമ്പോൾ താരത്തിന്റെ മോശം ഫോം ചെന്നൈക്ക് ആശങ്ക ഉണ്ടാക്കുന്നു.

ഇന്ന് ചെന്നൈയിലെ ചെപ്പോക്കിൽ ഇരു ടീമുകളും ഏറ്റുമുട്ടും. ലഖ്‌നൗവിൽ നടന്ന റിവേഴ്‌സ് ഫിക്‌ചറിൽ എട്ട് വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങിയ സിഎസ്‌കെ ആ തോൽവിക്ക് അവരുടെ ഹോം ഗ്രൗണ്ടിൽ പകരം വീട്ടാൻ ആഗ്രഹിക്കുന്നു. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഗെയിമിൻ്റെ പ്രിവ്യൂവിൽ ചോപ്ര പറഞ്ഞത് ഇങ്ങനെയാണ്.

“ഓപ്പണിംഗ് പാർട്ണർഷിപ്പുകൾ നടക്കുന്നില്ല എന്നതാണ് ചെന്നൈയുടെ പ്രശ്നം. നിർഭാഗ്യവശാൽ, അവരുടെ ഓപ്പണിംഗ് ഇതുവരെ ശരിയായി പ്രവർത്തിച്ചില്ല. അവർ ഒരുപാട് കോമ്പിനേഷനുകൾ പരീക്ഷിച്ചു. രഹാനയെ ഓപ്പണിംഗിന് ഇറക്കി പരീക്ഷിച്ചു. പ്രശ്‌നം പക്ഷേ രച്ചിൻ രവീന്ദ്രയ്ക്ക് റൺ കണ്ടെത്താൻ സാധിക്കുന്നില്ല എന്നാണ്” അദ്ദേഹം പറഞ്ഞു

അജിങ്ക്യ രഹാനെ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരോടൊപ്പം സിഎസ്‌കെ ഓപ്പൺ ചെയ്യണമെന്നും രവീന്ദ്രയെ ഒഴിവാക്കണം എന്നും ഡാരിൽ മിച്ചലിനെ ഇലവനിൽ ഉൾപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ ബാറ്റർ കണക്കുകൂട്ടുന്നു. “രചിൻ മോശം ഫോമിലാണ്. അവനെ ഒഴിവാകുന്നത് നന്നായിരിക്കും. പകരം മിച്ചൽ ടീമിൽ വരണം ” ചോപ്ര നിരീക്ഷിച്ചു.

മൊയീൻ അലിയെ ബാറ്റിംഗിലും ബോളിങ്ങിലും മികച്ച രീതിയിൽ ഉപയോഗിക്കണമെന്നും ചോപ്ര നിലവിലെ ചാമ്പ്യന്മാരോട് അഭ്യർത്ഥിച്ചു.